< Back
India
income tax
India

ശമ്പളം 15,000; ആഗ്രയിലെ ശുചീകരണ തൊഴിലാളിക്ക് 34 കോടിയുടെ നികുതി നോട്ടീസ്!

Web Desk
|
2 April 2025 3:04 PM IST

അലിഗഡിലെ ഒരു ജ്യൂസ് വിൽപനക്കാരന് 7.5 കോടി രൂപയുടെ നോട്ടീസ് ലഭിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന യുവാവിന് 34 കോടി രൂപയുടെ ആദായ നികുതി നോട്ടീസ്. അലിഗഡിലെ ഒരു ജ്യൂസ് വിൽപനക്കാരന് 7.5 കോടി രൂപയുടെ നോട്ടീസ് ലഭിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം.

കരൺ കുമാര്‍ എന്ന യുവാവിനാണ് വൻതുക നികുതി അടയ്ക്കാൻ നോട്ടീസ് ലഭിച്ചത്. നോട്ടീസിന്‍റെ ഉള്ളടക്കം ആദ്യം മനസിലായില്ല. തുടര്‍ന്ന് ചിലരുടെ സഹായത്തോടെ കാര്യമറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് കരൺ പറഞ്ഞു. യുവാവ് ചന്ദൗസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മാര്‍ച്ച് 22നാണ് കരണിന് ഇൻകം ടാക്സ് വിഭാഗത്തിൽ നിന്നും ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. "രേഖകൾ പ്രകാരം, നികുതിദായകനായ കരൺ കുമാർ 2019-20 അസസ്മെന്‍റ് ഇയറിലേക്കുള്ള(AY) ഐടിആര്‍ ഫയൽ ചെയ്തിട്ടില്ല. 33,88,85,368 രൂപ അടയ്ക്കണം'' എന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്.

ഖൈർ പ്രദേശത്തുള്ള എസ്‌ബി‌ഐ ശാഖയിലെ ശുചീകരണ തൊഴിലാളിയാണ് കരൺ കുമാര്‍. 15000 രൂപയാണ് മാസശമ്പളം. 2021 മുതൽ കരാറടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. തന്‍റെ പാൻ കാര്‍ഡ് ആരെങ്കിലും ദുരുപയോഗം ചെയ്തിരിക്കാമെന്ന സംശയത്തിലായിരുന്നു യുവാവ്. 2019 ൽ നോയിഡയിലെ തന്‍റെ മുൻ തൊഴിലുടമയ്ക്ക് മറ്റ് തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള പാൻ വിശദാംശങ്ങൾ നൽകിയിരുന്നു. എന്നാൽ തങ്ങളുടെ രേഖ പ്രകാരം കുമാറിന് ഉയര്‍ന്ന വരുമാനം കാണിക്കുന്നതായി ഐടി ഉദ്യോഗസ്ഥനായ നൈൻ സിങ് പറഞ്ഞു. പാൻ കാര്‍ഡ് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അലിഗഡിലെ ജ്യൂസ് വിൽപനക്കാരനായ എംഡി റഹീസിന് വൻതുക നികുതി നോട്ടീസ് ലഭിച്ചതും ചര്‍ച്ചയായിരുന്നു. "ഒരു നേരത്തെ ആഹാരത്തിനായി ഞങ്ങൾ കഷ്ടപ്പെടുകയാണ്. ഇത്രയും പണമുണ്ടെങ്കിൽ, എന്തിനാണ് ഞങ്ങളുടെ മകൻ ഇത്ര കഠിനാധ്വാനം ചെയ്യേണ്ടി വരുന്നത്?" റഹീസിന്‍റെ മാതാവ് ചോദിച്ചു.

Similar Posts