
Siddiamber Bazar mosque
രാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദിൽ മസ്ജിദുകളും ദർഗകളും തുണികൊണ്ട് മറച്ചു
|മാർച്ച് 30ന് രാവിലെ ഒമ്പത് മണിക്ക് സീതാരാംബാഗ് ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി ഏഴ് മണിക്ക് കോട്ടി ഹനുമാൻ മൈതാനിയിൽ സമാപിക്കും.
ഹൈദരാബാദ്: നാളെ നടക്കുന്ന രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ മസ്ജിദുകളും ദർഗകളും തുണികൊണ്ട് മറച്ചു. ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം ഭയന്നാണ് നടപടി. സിദ്ധിയംബർ ബസാർ പള്ളിയും ദർഗയും തുണികൊണ്ട് മറച്ചിട്ടുണ്ട്.

തുണി കെട്ടി മറച്ച സിദ്ധിയംബർ പള്ളി
മാർച്ച് 30ന് രാവിലെ ഒമ്പത് മണിക്ക് സീതാരാംബാഗ് ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി ഏഴ് മണിക്ക് കോട്ടി ഹനുമാൻ മൈതാനിയിൽ സമാപിക്കും. ഘോഷയാത്ര ഭോയ്ഗുഡ കമാൻ, മംഗൽഹട്ട് പൊലീസ് സ്റ്റേഷൻ റോഡ്, ജാലി ഹനുമാൻ, ധൂൽപേട്ട് പുരാണപുൾ റോഡ്, ഗാന്ധി പ്രതിമ, ജുമേരത്ത് ബസാർ, ബീഗം ബസാർ ഛത്രി, സിദ്ധിയംബർ ബസാർ, ശങ്കർ ഷെർ ഹോട്ടൽ, ഗൗളിഗുഡ ചമൻ, പുത്‌ലിബൗളി ക്രോസ്‌റോഡ്, കോടി, സുൽത്താൻ ബസാർ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

തുണി കെട്ടി മറച്ച ദർഗ
ബി.ജെ.പിയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട വിവാദ എം.എൽ.എ രാജാ സിങ് ആണ് രാമനവമി ഘോഷയാത്രക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷത്തെ ഘോഷയാത്രക്കിടെ രാജാ സിങ് നടത്തിയ വിദ്വേഷ പ്രസ്താവനയുടെ പേരിൽ ഷഹിനായത്ഗുഞ്ച് പൊലീസ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
श्री राम नवमी शोभा यात्रा में आप सभी का स्वागत है।
— Raja Singh (@TigerRajaSingh) March 28, 2023
🗓 30 मार्च 2023
⌚ सुबह 10 बजे।
📍 धूलपेट स्तिथ आकाशपुरी हनुमान मंदिर से प्रारंभ होगी।
जय श्री राम 🚩 #SriRamNavami pic.twitter.com/ACr2qOs9qu
റമദാനിൽ ഹൈദരാബാദിൽ മുസ്‌ലിംകൾ ഹിന്ദു കച്ചവടക്കാരെ ബഹിഷ്‌കരിക്കുന്നതായി രാജാ സിങ് ആരോപിച്ചിരുന്നു. ഹിന്ദുക്കൾ തിരിച്ചു ബഹിഷ്‌കരണം പ്രഖ്യാപിച്ചാൽ മുസ് ലിംകൾക്ക് ഭിക്ഷ പോലും ലഭിക്കില്ല. ഹിന്ദു ഉണർന്നാൽ മുസ്‌ലിംകൾ തുടച്ചുനീക്കപ്പെടുമെന്നും രാജാ സിങ് പ്രഖ്യാപിച്ചിരുന്നു.