< Back
India
ജോലിയിൽ ചേർന്ന് മൂന്നാം ദിവസം പുറത്താക്കി, ഒരു വർഷത്തിനകം എട്ട് മടങ്ങ് വരുമാനം; അനുഭവം പങ്കുവെച്ച് യുവതി
India

'ജോലിയിൽ ചേർന്ന് മൂന്നാം ദിവസം പുറത്താക്കി, ഒരു വർഷത്തിനകം എട്ട് മടങ്ങ് വരുമാനം'; അനുഭവം പങ്കുവെച്ച് യുവതി

ലിസി. പി
|
12 March 2026 11:14 AM IST

പരാജയം കരിയറിന്റെ അവസാനം അല്ലെന്നും ഒരു ജോലി നഷ്ടപ്പെട്ടാൽ ജീവിതം അവസാനിക്കുന്നില്ലെന്നുമാണ് പലരും കമന്‍റ് ചെയ്തത്

മുംബൈ: ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളാണ് പിന്നീട് വലിയ വിജയങ്ങളിലേക്ക് നയിക്കുന്നത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു ജോലി ലഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.എന്നാല്‍ അത്രയേറെ ആഗ്രഹിച്ച ജോലി മൂന്നാം ദിവസം തന്നെ നഷ്ടമായെങ്കിലോ? അതും പുതിയ ജോലി ആരംഭിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്താക്കപ്പെടുകയാണെങ്കിൽ അത് ആത്മവിശ്വാസത്തെയും ഭാവിയെയും വലിയ രീതിയിൽ ബാധിക്കും. എന്നാല്‍ തിരിച്ചടികളില്‍ വീണുപോകില്ല എന്ന് തീരുമാനിച്ചാല്‍ അത് അവസാനമായിരിക്കില്ല,മറിച്ച് പുതിയ തുടക്കമായിരിക്കുമെന്ന് പറയുകയാണ് എഐ ഓട്ടോമേഷൻ എഞ്ചിനീയറായ റിതു മൗര്യ. യുവതിയുടെ അനുഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ജോലിയില്‍ പ്രവേശിച്ച് മൂന്നാം ദിവസം ഒരു ക്ലയന്റിന്റെ മുന്നിൽ വെച്ച് കമ്പനി ഉടമ തന്നെ പിരിച്ചുവിട്ടതായി റിതു മൗര്യ എന്ന യുവതി ഇൻസ്റ്റഗ്രാം പോസ്റ്റ് കുറിക്കുന്നു. എന്നാല്‍ അന്ന് അന്ന് ആ കമ്പനി ഉടമ വാഗ്ദാനം ചെയ്തതിനേക്കാള്‍ എട്ട് മടങ്ങ് കൂടുതൽ വരുമാനം ലഭിക്കുന്നുണ്ടെന്ന് അവർ പറയുന്നു. തന്‍റെ സ്വന്തം പരിശ്രമമും പഠനവുമാണ് തിരിച്ചുവരവിന് വഴിയൊരിക്കിയതെന്നും റിതു മൗര്യ പറയുന്നു.

"ജോലിയിൽ കയറി രണ്ട് ദിവസമേ ആയിട്ടുള്ളൂ... എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്, ജോലി ചെയ്യുമ്പോൾ ഗൈഡ് ചെയ്യുകയും, നേരിട്ട് മെന്റർഷിപ്പ് നൽകുകയും ചെയ്യുമെന്ന് ഉടമ പറഞ്ഞിരുന്നു. ഈ വാഗ്ദാനം കേട്ട് വലിയ പ്രതീക്ഷകളോടെയാണ് ജോലി ആരംഭിച്ചത്.എന്നാൽ ജോലിയുടെ ആദ്യ ദിവസങ്ങളിൽ തന്നെ അങ്ങനെയൊന്നും ഉണ്ടായില്ല. മെസേജ് അയച്ചാല്‍ പോലും മണിക്കൂറുകള്‍ക്ക് ശേഷമാണ് മറുപടി ലഭിച്ചത്. അതിനിടയില്‍ ഒരു ക്ലയന്റുമായി ബന്ധപ്പെട്ട മീറ്റിങ്ങിനിടയിൽ ഉടമ വല്ലാതെ വിമർശിച്ചു. ഞാനായിരുന്നെങ്കില്‍ ഈ ജോലി ഒരുമണിക്കൂറിനുള്ളില്‍ ചെയ്തേനെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു''. യുവതി പറയുന്നു.

'ദിവസങ്ങളോളം കരഞ്ഞു'

ജോലിയിൽ ചേർന്നിട്ട് 72 മണിക്കൂറുകൾ പോലും കഴിഞ്ഞിരുന്നില്ല. അത്ര കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ജോലി നഷ്ടപ്പെടുന്നത് തനിക്ക് വലിയൊരു ഷോക്കായിരുന്നെന്ന് റിതു മൗര്യ പറയുന്നു. താന്‍ ഒന്നുമല്ലാതായിപ്പോയ പോലെ തോന്നി,ദിവസങ്ങളോളം കരഞ്ഞു.ഇനി എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് തോന്നി.എന്നാല്‍ ലിങ്ക്ഡ്ഇനിൽ വഴി അവളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് നിക്ഷേപം നടത്താൻ തയ്യാറായ ഒരു കമ്പനി സ്ഥാപകനെ കണ്ടെത്താനും അതുവഴി ജോലി കണ്ടെത്താനും കഴിഞ്ഞു.ഒരു വര്‍ഷത്തിനിപ്പുറം അന്ന് ഐഐടി സ്ഥാപകൻ വാഗ്ദാനം ചെയ്തതിനേക്കാൾ എട്ട് മടങ്ങ് കൂടുതൽ വരുമാനം ഇപ്പോൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് മൗര്യ പറഞ്ഞു. എല്ലാം നല്ലതിനായിരുന്നുവെന്ന് കരുതുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

പലരും അന്നത്തെ ആ സ്ഥാപത്തെ ടോക്സിക് എന്നായിരുന്നു വിശേഷിപ്പിച്ചത്. സമാനമായ അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടായിരുന്നുവെന്നും പിന്നീട് താന്‍ മനസിലാക്കി. അതേസമയം, രസകരമായ സംഭവം കൂടി റിതു പങ്കുവെച്ചു. ജോലിയിൽ നിന്ന് പുറത്താക്കിയ അതേ സ്ഥാപകൻ പിന്നീട് ഇൻസ്റ്റാഗ്രാമിൽ തന്റെ പേജ് ഫോളോ ചെയ്യാൻ മെസ്സേജ് അയച്ചിരുന്നു. എന്നാൽ താനത് അവഗണിച്ചെന്നും യുവതി വെളിപ്പെടുത്തി.

അതേസമയം, റിതുവിന്‍റെ സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പലരും കമന്‍റ് ചെയ്തു. റിതുവിന്‍റെ അനുഭവം വലിയൊരു പ്രചോദനമാണെന്നും ചിലര്‍ കമന്‍റ് ചെയ്തു. പരാജയം കരിയറിന്റെ അവസാനം അല്ലെന്നും ഒരു ജോലി നഷ്ടപ്പെട്ടാൽ ജീവിതം അവസാനിക്കുന്നില്ലെന്നുമാണ് പ്രതികരണം. ജീവിതത്തില്‍ ഒരു വാതില്‍ അടഞ്ഞാലും പിന്നീട് തുറക്കുന്ന മറ്റൊരു വാതില്‍ നമ്മള്‍ കരുതുന്നതിനേക്കാള്‍ വലിയ നേട്ടം കൊണ്ടുവരുമെന്നും ഈ കഥ നമ്മോട് പറയുന്നുണ്ടെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.


Similar Posts