< Back
India
(Representative Image
India

'ആശുപത്രി ഐസിയുവിൽ വച്ച് ബലാത്സംഗത്തിനിരയായി'; പരാതിയുമായി എയര്‍ഹോസ്റ്റസ്

Web Desk
|
16 April 2025 4:41 PM IST

ഏപ്രില്‍ 13ന് ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭര്‍ത്താവിനോടു പറഞ്ഞത്

ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ ബലാത്സംഗത്തിന് ഇരയായതായി എയര്‍ഹോസ്റ്റസായ യുവതിയുടെ പരാതി. കഴിഞ്ഞ ഏപ്രിൽ 6ന് ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. ഏപ്രില്‍ 13ന് ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭര്‍ത്താവിനോടു പറഞ്ഞത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ സദര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എയര്‍ലൈന്‍സ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ തന്നെ മറ്റൊരു ആശുപത്രിയില്‍ മാറ്റി. ഇവിടെ വച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായതെന്നാണ് പരാതി.

പീഡനസമയത്ത് യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. ബോധം നഷ്ടപ്പെടുമ്പോള്‍ വണ്ട് നഴ്‌സുമാര്‍ അടുത്തുണ്ടായിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേർത്തു.

Similar Posts