
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം; പൈലറ്റ് മരിച്ചു
|എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അർമാനാണ് മരിച്ചത്
ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം പൈലറ്റ് മരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അർമാനാണ് മരിച്ചത്. ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വിശ്രമിക്കാൻ പോകുന്നതിനിടെ അർമാന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയായിരുന്നു. എയർലൈൻ ഡിസ്‌പാച്ച് ഓഫീസിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എയർ ഇന്ത്യ എക്സ്പ്രസ് അർമാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതരുമായി ചേർന്ന് പൈലറ്റിന്റെ കുടുംബത്തിന് സാധ്യമായ സഹായമെല്ലാം ചെയ്യുമെന്ന് വിമാന കമ്പനി അറിയിച്ചു. ഈ ദുഃഖകരമായ അവസ്ഥയിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ ആരോപണങ്ങൾ ഒഴിവാക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.
ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് മൂലം പൈലറ്റുമാർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി നേരത്തെ പൈലറ്റുമാരുടെ വിശ്രമം സംബന്ധിച്ച് ഡിജിസിഎ ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പൈലറ്റുമാരുടെ വിശ്രമസമയം 36 മണിക്കൂറിൽ നിന്ന് 48 ആക്കി ഉയർത്തണമെന്നായിരുന്നു ഡിജിസിഎയുടെ പ്രധാന നിർദേശം.