< Back
India
Air India and Air India Express to operate 44 flights to and from West Asia today
India

മതിയായ അനുമതിയില്ലാതെ വിമാനം പറത്തി; എയർ ഇന്ത്യക്ക് ഒരു കോടി പിഴ

ഷിയാസ് ബിന്‍ ഫരീദ്
|
13 Feb 2026 10:13 PM IST

എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനമാണ് നിയമലംഘനം നടത്തിയത്.

ന്യൂഡൽഹി: മതിയായ അനുമതിയില്ലാതെ സർവീസ് നടത്തിയതിന് എയർ ഇന്ത്യക്ക് ഒരു കോടി രൂപ പിഴയിട്ട് ഡിജിസിഎ. അനുമതിയില്ലാതെ എയർബസ് എയർക്രാഫ്റ്റ് സർവീസ് എട്ട് തവണ പറത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കമ്പനിയുടെ ഭാ​ഗത്തുനിന്നുണ്ടായത് ​ഗുരുതര നിയമലംഘനമാണെന്ന് വ്യക്തമാക്കിയ എവിയേഷൻ റെ​ഗുലേറ്റർ, സംഭവത്തിൽ എയർ ഇന്ത്യ മാനേജ്മെന്റിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനമാണ് നിയമലംഘനം നടത്തിയത്. 2025 നവംബർ 24, 25 തിയതികളിൽ ന്യൂ‍ഡൽഹി, ബം​ഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന വിമാനങ്ങൾ 'നിർബന്ധിത എയർവർത്തിനെസ്‌ റിവ്യൂ സർട്ടിഫിക്കറ്റ്' (ARC) ഇല്ലാതെ സർവീസ് നടത്തിയെന്നാണ് ഡിജിസിഎ കണ്ടെത്തൽ.

വിമാനം നിർദിഷ്ട സുരക്ഷാ പരിശോധനകളും മറ്റു പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഡിജിസിഎ നൽകുന്ന നിർണായക വാർഷിക സർട്ടിഫിക്കറ്റാണ് എആർസി. ഇതില്ലാതെ സർവീസ് നടത്തുന്നത് വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമായി കണക്കാക്കും.

വ്യോമയാന നിയമങ്ങൾ അനുസരിച്ച് ഓരോ വിമാനവും പറക്കുന്നതിന് മുൻപ് കൃത്യമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി എയർവർത്തിനെസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ, ഈ മാനദണ്ഡങ്ങൾ എയർ ഇന്ത്യ പാലിച്ചില്ലെന്ന് ഈ മാസം ആദ്യം ഡിജിസിഎ കണ്ടത്തിയിരുന്നു.പിന്നാലെയാണ് നടപടി.

നിയമലംഘനത്തിനുള്ള ഏറ്റവും ഉയർന്ന പിഴയാണ് എയർ ഇന്ത്യക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഇത്തരം സംഭവങ്ങളിൽ തങ്ങൾ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡിജിസിഎ അറിയിച്ചു. പിഴ അടയ്ക്കുന്നതിനൊപ്പം ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള കർശന നടപടികൾ സ്വീകരിക്കാനും എയർ ഇന്ത്യക്ക് നിർദേശമുണ്ട്.

Similar Posts