< Back
India
ഓയിൽ മർദം പെട്ടെന്ന് കുറഞ്ഞു; ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്‌
India

ഓയിൽ മർദം പെട്ടെന്ന് കുറഞ്ഞു; ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്‌

Web Desk
|
22 Dec 2025 3:55 PM IST

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ എയർ ഇന്ത്യ വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രധാന സാങ്കേതിക തകരാറാണിത്.

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്.

വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദം പെട്ടെന്ന് കുറഞ്ഞതാണ് പരിഭ്രാന്തിക്കിടയാക്കിയത്. തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. 335 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

പുലര്‍ച്ചെ 3:20നാണ് ബോയിംഗ് 777337 ഇആര്‍ വിമാനം ടേക്ക് ഓഫ് ചെയതത്. പറന്നുയര്‍ന്നതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദത്തില്‍ അസ്വാഭാവികമായ കുറവ് ശ്രദ്ധയില്‍പ്പെട്ടു. ഇത് പൂജ്യത്തിലേക്ക് താഴ്ന്നതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

യാത്രക്കാര്‍ക്ക് മുംബൈയിലേക്ക് പോകാന്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തെത്തുടർന്ന് സിവിൽ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിനുപുറമെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (DGCA) അന്വേഷണം നടത്താനും മന്ത്രാലയം നിർദ്ദേശിച്ചു.

വിമാനത്തിന്റെ എന്‍ജിന്‍ ഘടകങ്ങള്‍ തണുപ്പിക്കാനും സുഗമമായി പ്രവര്‍ത്തിപ്പിക്കാനും ഓയില്‍ അത്യാവശ്യമായതിനാല്‍, മര്‍ദം പൂജ്യമാകുന്നത് എന്‍ജിന്‍ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. അതിനാലാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ എയർ ഇന്ത്യ വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രധാന സാങ്കേതിക തകരാറാണിത്.

Similar Posts