< Back
India
ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിവരം; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം
India

ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിവരം; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം

Web Desk
|
6 Aug 2025 1:07 PM IST

സെപ്റ്റംബർ 22നും ഒക്ടോബർ രണ്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ് മുന്നറിയിപ്പ്

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. സെപ്റ്റംബർ 22നും ഒക്ടോബർ രണ്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ് മുന്നറിയിപ്പ്.

ഭീകരവാദികളില്‍ നിന്നോ സാമൂഹികവിരുദ്ധരായ ആളുകളില്‍നിന്നോ ആക്രമണം ഉണ്ടാകാന്‍ ഇടയുണ്ട് എന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്‌ലൈയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്.

സാമൂഹ്യ വിരുദ്ധരിൽ നിന്നോ ഭീകരരിൽ നിന്നോ ഉള്ള ഭീഷണി മുൻകൂട്ടി കണ്ടുകൊണ്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷ ശക്തമാക്കണം എന്ന് ബിസിഎഎസ് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. ടെർമിനലുകൾ, പാർക്കിങ് സ്ഥലങ്ങൾ, അതിർത്തി പ്രദേശങ്ങൾ, മറ്റ് ദുർബല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കണം. വിമാനത്താവളങ്ങളിലെ സുരക്ഷ പ്രാദേശിക പൊലീസുമായി ചേർന്ന് കൂടുതൽ ശക്തമാക്കാണമെന്നും ബിസിഎഎസ് പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചു.

പാകിസ്താനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിഎഎസിന്റെ നിര്‍ദേശമെന്ന് ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവള അധികൃതര്‍ എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദർശകരുടെയും തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണം. അനധികൃതമായ പ്രവേശനം ഉടൻ തന്നെ തടയുകയും ഔദ്യോഗിക അധികൃതരെ അറിയിക്കുകയും വേണം. എല്ലാ സിസിടിവി സംവിധാനങ്ങളും തടസങ്ങളില്ലാതെ പ്രവർത്തിക്കണം. സംശയകരമായ പെരുമാറ്റങ്ങളോ ആളില്ലാത്ത വസ്തുക്കളോ കണ്ടാൽ ഉടൻ തന്നെ പ്രതികരിക്കണമെന്നും നിർദേശമുണ്ട്.

Similar Posts