< Back
India
18,000 വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന്  നീക്കം ചെയ്തു; 2022 യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചുവെന്ന് അഖിലേഷ് യാദവ്
India

18,000 വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു; 2022 യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചുവെന്ന് അഖിലേഷ് യാദവ്

Web Desk
|
10 July 2025 12:23 PM IST

എല്ലാവർക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമായി പ്രശ്‌നങ്ങളുണ്ട്

ലഖ്നൗ: 2022 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചുവെന്ന് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ടര്‍ പട്ടികയിലെ തീവ്ര പരിശോധനക്കെതിരെ ബുധനാഴ്ച ഇൻഡ്യാ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് അഖിലേഷ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഷ്പക്ഷതയെ ചോദ്യം ചെയ്തത്.

പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ ജാഗ്രതയിലാണെന്നും 2027 ൽ നടക്കാനിരിക്കുന്ന അടുത്ത യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിക്കാൻ അനുവദിക്കില്ലെന്നും അഖിലേഷ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. എല്ലാവർക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമായി പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ബിജെപിയുടെ കൃത്രിമം കാരണം ഞങ്ങൾ യുപി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 1.5 ലക്ഷം അധിക വോട്ടുകൾ നേടിയിരുന്നെങ്കിൽ ഞങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിക്കുമായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് യുപിയിലെ 18,000 വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഇല്ലാതാക്കി'' അഖിലേഷ് ആരോപിച്ചു.

അയോധ്യയിലെ മിൽകിപൂർ സീറ്റിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായും അഖിലേഷ് ആരോപിച്ചു. പ്രായമായ ഒരാൾ അവിടെ 'അഞ്ച് തവണ വോട്ട് ചെയ്തു' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ മിൽക്കിപൂരിൽ വിന്യസിച്ചു," അഖിലേഷ് പറഞ്ഞു. കുന്ദർക്കി, മിറാപൂർ നിയമസഭാ സീറ്റുകളിൽ ബിജെപിയെ വിജയിപ്പിക്കാൻ പൊലീസുകാർ 'വോട്ട്' ചെയ്തതായും എസ്‍പി പ്രസിഡന്‍റ് ആരോപിച്ചു.ഗുജറാത്തിലെ പാലം തകർന്ന സംഭവത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഇതാണ് ബിജെപിയുടെ ഗുജറാത്ത് 'മോഡൽ' എന്ന് അദ്ദേഹം പരിഹസിച്ചു. യോഗി ആദിത്യനാഥ് സർക്കാരിനുള്ളിൽ ആഭ്യന്തര തര്‍ക്കങ്ങൾ ഉണ്ടെന്ന് എസ്പി നേതാവ് പറഞ്ഞു. 2027 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കാവി പാർട്ടി പരാജയപ്പെടുമെന്ന് അഖിലേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Similar Posts