< Back
India
തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ബാരിക്കേഡ് ചാടിക്കടക്കുന്ന അഖിലേഷ് യാദവ്; വൈറലായി ദൃശ്യങ്ങൾ
India

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ബാരിക്കേഡ് ചാടിക്കടക്കുന്ന അഖിലേഷ് യാദവ്; വൈറലായി ദൃശ്യങ്ങൾ

Web Desk
|
11 Aug 2025 4:21 PM IST

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്‍റിൽ നിന്ന് ആരംഭിച്ച മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു

ഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിലും പ്രതിഷേധിച്ച് ഇൻഡ്യാ മുന്നണിയുടെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് 'വോട്ട് ചോരി' മാര്‍ച്ച് നടത്തി. മുന്നൂറിലേറെ എംപിമാരും പ്രതിപക്ഷ പാർട്ടി നേതാക്കളും പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്‍റിൽ നിന്ന് ആരംഭിച്ച മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. എം.പിമാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ള എംപിമാർ ബാരിക്കേഡ് മറികടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

പ്രതിഷേധിക്കുന്ന എംപിമാരെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിലൂടെ ഒരു ചിരിയോടെ ചാടിക്കടക്കുകയാണ് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി. പ്രതിഷേധം തുടരാനാണ് അഖിലേഷ് യാദവ് മറുവശത്തേക്ക് ചാടിയത്. "അവർ പൊലീസിനെ ഉപയോഗിച്ച് ഞങ്ങളെ തടയുകയാണ്," ബാരിക്കേഡുകൾ കടന്ന ശേഷം അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് ചെയ്ത എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് കോൺഗ്രസ് എംപി സയ്യിദ് നസീർ ഹുസൈൻ ചൂണ്ടിക്കാട്ടി. "തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ ഞങ്ങൾക്ക് അനുവാദമില്ല. ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമുള്ള 300-ലധികം എംപിമാർ ഇവിടെ മാർച്ച് നടത്തുന്നുണ്ട്. പൊലീസ് എംപിമാരെ അറസ്റ്റ് ചെയ്യുകയും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഞങ്ങളെ കാണാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിർന്ന ഇൻഡ്യാ മുന്നണി നേതാക്കളായ - കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എൻസിപി എസ്‌സിപി നേതാവ് ശരദ് പവാർ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്‍റിന്‍റെ മകർ ദ്വാറിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്."വോട്ട് മോഷണം" സംബന്ധിച്ച തങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടുകൊണ്ടാണ് എംപിമാർ മാർച്ച് ആരംഭിച്ചത്. “നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു. യുപിയിൽ 10 നിയസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നു. വോട്ടുകൾ മോഷ്ടിക്കപ്പെട്ടു എന്നു മാത്രമല്ല, ബൂത്തുകൾ പിടിച്ചെടുക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഉത്തരവനുസരിച്ച് പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് നടപടിയെടുത്തില്ല.” പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് ചോദിച്ചു. അതേസമയം, പ്രതിപക്ഷ എംപിമാർ മാർച്ചിന് അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

Similar Posts