< Back
India
യുപി തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു; സൗജന്യ വൈദ്യുതി നൽകുമെന്ന് അഖിലേഷ് യാദവ്
India

യുപി തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു; സൗജന്യ വൈദ്യുതി നൽകുമെന്ന് അഖിലേഷ് യാദവ്

Web Desk
|
2 Jan 2022 10:18 AM IST

അധികാരത്തിലെത്തിയാൽ 300 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുന്നു. ഭരണം നിലനിർത്താൻ ബിജെപിയും പിടിച്ചെടുക്കാൻ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. കൂടുതൽ ജനപ്രിയ വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ ആകർഷിക്കാനുള്ള നീക്കത്തിലാണ് പാർട്ടികൾ.

അധികാരത്തിലെത്തിയാൽ 300 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജലസേചന പദ്ധതികൾക്ക് പൂർണമായും വൈദ്യുതി സൗജന്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുവത്സരാശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റിലാണ് അഖിലേഷിന്റെ പ്രഖ്യാപനം. ''പുതിയ ഉത്തർപ്രദേശിനായുള്ള ഒരു പുതിയ വെളിച്ചത്തോടെയാണ് പുതുവർഷമായ 2022 വന്നിരിക്കുന്നത്. എസ്.പി അധികാരത്തിലെത്തിയാൽ ഗാർഹിക ഉപഭോക്താക്കൾക്ക് 300 യൂണിറ്റ് വരേയും ജലസേചന പദ്ധതികൾക്ക് പൂർണമായും വൈദ്യുതി സൗജന്യമായി നൽകും''-അഖിലേഷ് ട്വീറ്റ് ചെയ്തു.

ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളും നേരത്തെ സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകും. കുടിശ്ശിക ബില്ലുകൾ എഴുതിത്തള്ളും. 24 മണിക്കൂറും വൈദ്യുതി വിതരണം ചെയ്യും തുടങ്ങിയ വാഗ്ദാനങ്ങളാണ് അദ്ദേഹം നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും എഎപി സമാനമായ വാഗ്ദാനം നൽകിയിരുന്നു.

Related Tags :
Similar Posts