< Back
India
Akhilesh Yadav Sacks MLA Who Praised Yogi Adityanath
India

യോഗി ആദിത്യനാഥിനെ പ്രശംസിച്ച എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കി അഖിലേഷ് യാദവ്

Web Desk
|
14 Aug 2025 4:03 PM IST

നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും പൂജ പാർട്ടി വിരുദ്ധ പ്രവർത്തനം തുടരുകയാണെന്നും അതുകൊണ്ടാണ് എംഎൽഎയെ പുറത്താക്കിയതെന്നും അഖിലേഷ് യാദവ് പറഞ്ഞു

ലഖ്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച സമാജ്‌വാദി പാർട്ടി എംഎൽഎ പൂജ പാലിനെ അഖിലേഷ് യാദവ് പാർട്ടിയിൽ നിന്ന് പുറത്താക്കി. തന്റെ ഭർത്താവ് കൊല്ലപ്പെട്ട കേസിൽ നീതി ലഭിച്ചത് ആദിത്യനാഥ് മുഖ്യമന്ത്രിയായതുകൊണ്ടാണ് എന്നാണ് പൂജ പാൽ പറഞ്ഞത്.

എന്നാൽ നേരത്തെ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും പൂജ പാർട്ടി വിരുദ്ധ പ്രവർത്തനം തുടരുകയാണെന്നും അതുകൊണ്ടാണ് ഗുരുതര അച്ചടക്കലംഘനം നടത്തിയ എംഎൽഎയെ പുറത്താക്കിയതെന്നും അഖിലേഷ് യാദവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പൂജയെ ഒരു പാർട്ടി പരിപാടിയിലും പങ്കെടുപ്പിക്കരുതെന്നും ഭാവിയിൽ ഒരു പരിപാടിയിലേക്കും അവരെ ക്ഷണിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കി.

തന്നെപ്പോലെ നിരവധി സ്ത്രീകൾക്ക് യോഗിയുടെ ഭരണത്തിൽ നീതി ലഭിച്ചു. കുറ്റവാളികളോട് ഒരു വീട്ടുവീഴ്ചയുമില്ലെന്ന യോഗിയുടെ നിലപാടാണ് അതീഖ് അഹമ്മദിനെപ്പോലുള്ള ക്രിമിനലുകൾ കൊല്ലപ്പെടാൻ കാരണം. ഇന്ന് സംസ്ഥാനം മുഴുവൻ വലിയ വിശ്വസത്തോടെയാണ് അദ്ദേഹത്തെ കാണുന്നതെന്നും പൂജ പറഞ്ഞിരുന്നു.

2005 ജനുവരി 25നാണ് ബിഎസ്പി എംഎൽഎ ആയിരുന്ന രാജു പാൽ കൊല്ലപ്പെട്ടത്. 2004ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രയാഗ്‌രാജ് വെസ്റ്റ് സീറ്റിൽ അതീഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫിനെ പരാജയപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലക്ക് കാരണം എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കേസിലെ പ്രധാന സാക്ഷിയായിരുന്ന ഉമേഷ് പാൽ 2023 ഫെബ്രുവരിയിൽ കൊല്ലപ്പെട്ടു.

കേസിൽ അറസ്റ്റിലായ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും 2023 ഏപ്രിൽ 15ന് രാത്രി മെഡിക്കൽ പരിശോധനക്കായി കൊണ്ടുവരുമ്പോൾ പ്രയാഗ്‌രാജിൽ വെച്ച് കനത്ത പൊലീസ് സുരക്ഷയെ മറികടന്ന് പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അതീഖിന്റെ മകൻ ആസാദിനെ ഇതിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലിലാണ് ആസാദ് കൊല്ലപ്പെട്ടത് എന്നായിരുന്നു പൊലീസ് പറഞ്ഞത്.

Similar Posts