< Back
India
Al-Falah University Office 25 Locations Raided Amid Probe Into Delhi Blast
India

ഡൽഹി സ്ഫോടനം: അൽ ഫലാഹ് സർവകലാശാലയിലും ആസ്ഥാനത്തുമടക്കം ഇഡി റെയ്‌ഡ്‌

Web Desk
|
18 Nov 2025 10:05 AM IST

സർവകലാശാലയുടെ ധനസഹായം അന്വേഷിക്കാനുള്ള ബിജെപി സർക്കാർ ഉത്തരവിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ നടപടി.

ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഹ​രിയാന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലും ഡൽഹിയിലെ ആസ്ഥാനത്തുമടക്കം ഇഡി റെയ്ഡ്. സർവകലാശാലയുമായി ബന്ധപ്പെട്ട 25 ഇടങ്ങളിലാണ് പുലർച്ചെ 5.15 മുതൽ പരിശോധന ആരംഭിച്ചത്. സർവകലാശാലയുടെ ധനസഹായം അന്വേഷിക്കാനുള്ള ബിജെപി സർക്കാർ ഉത്തരവിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ നടപടി.

സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് പരിശോധനയെന്ന് ഇഡി ഉദ്യോ​ഗസ്ഥർ പ്രതികരിച്ചു. അൽ ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട ട്രസ്റ്റികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന പുരോ​ഗമിക്കുകയാണ്.

സർവകലാശാലയുടെ അക്കൗണ്ടുകളുടെ ഫോറൻസിക് ഓഡിറ്റിന് സർക്കാർ ഉത്തരവിട്ടിരുന്നു. ‌യൂണിവേഴ്സിറ്റിക്കെതിരെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് നേരത്തെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

യുജിസിയും നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും (നാക്) അൽ ഫലാഹ് സർവകലാശാലയ്ക്കെതിരെ രം​ഗത്തെത്തിയതിനു പിന്നാലെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. അക്രഡിറ്റേഷന്റെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് സർവകലാശാലയ്ക്ക് നാക് നോട്ടീസ് നൽകിയിരുന്നു.

കൂടാതെ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം സസ്‌പെൻഡ് ചെയ്തിരുന്നു. അൽ ഫലാഹ് സർവകലാശാലാ ചെയർമാനും സ്ഥാപകനുമായ ജാവേദ് അഹമ്മദ് സിദ്ദീഖിക്ക് ഡൽഹി പൊലീസ് നോട്ടീസ് നൽകുകയും ചെയ്തു. യുജിസി നിയമത്തിലെ സെക്ഷൻ 12(ബി) പ്രകാരമാണ് നോട്ടീസ് നൽകിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.

Similar Posts