< Back
India
അലിഗഡിൽ പിടിച്ചത് പശുവിറച്ചിയല്ല; പരിശോധനാഫലം പുറത്ത്
India

അലിഗഡിൽ പിടിച്ചത് പശുവിറച്ചിയല്ല; പരിശോധനാഫലം പുറത്ത്

Web Desk
|
29 May 2025 9:21 AM IST

ഉത്തർപ്രദേശിലെ അലിഗഡിലാണ് പശുവിറച്ചി കടത്തുന്നുവെന്നാരോപിച്ച് നാല് പേരെ ഗോ രക്ഷാ ഗുണ്ടകള്‍ അക്രമിച്ചത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അലിഗഡിൽ കഴിഞ്ഞ ദിവസം പിടിച്ചത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. പശുവിറച്ചി കടത്തിയെന്നാരോപിച്ച് നാലുപേർ, ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

"സംഭവത്തിന് ശേഷം സാമ്പിളുകൾ മഥുരയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്," അത്രൗലിയിലെ സർക്കിൾ ഓഫീസർ (സിഒ) സർജന സിംഗ് വ്യക്തമാക്കി.

ഉത്തർപ്രദേശിലെ അലിഗഡിലാണ് പശുവിറച്ചി കടത്തുന്നുവെന്ന് ആരോപിച്ച് നാല് പേരെ ഗോ രക്ഷാ ഗുണ്ടകള്‍ അക്രമിച്ചത്. പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.

അലിഗഡിലെ അൽഹദാദ്പൂർ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് അകീല്‍ (43), അർബാജ് (38), അകീൽ (35), നദീം (32) എന്നിവരെയാണ് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം അക്രമി സംഘം, മര്‍ദനത്തിനിരയാക്കിയവരുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേർക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്. അതേസമയം മര്‍ദനത്തില്‍ പരിക്കേറ്റ നാലുപേരും അലിഗഡിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാല് പേരും അപകടനില തരണം ചെയ്തതായി എസ്എച്ച്ഒ കുമാർ കൂട്ടിച്ചേർത്തു.

Similar Posts