< Back
India
wayanad bypoll
India

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോ? മേൽക്കോടതി വിധി നിർണായകം

Web Desk
|
25 March 2023 9:37 AM IST

വയനാട് ഉൾപ്പടെ ലോക്‌സഭയിൽ ഇപ്പോൾ മൂന്ന് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതോടെ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമോയെന്ന ചോദ്യം ശക്തമാണ്. വിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. സെപ്റ്റംബറിലാകും ഉപതിരഞ്ഞെടുപ്പ് നടക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

2015ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 151 എ പ്രകാരം പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആ സീറ്റ് ഒഴിഞ്ഞതു മുതൽ ആറ് മാസത്തിനകം നടത്തണമെന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കേണ്ടത്. വയനാട് ഉൾപ്പടെ ലോക്‌സഭയിൽ ഇപ്പോൾ മൂന്ന് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജലന്ധർ, ലക്ഷദ്വീപ് എന്നിവയാണ് മറ്റുള്ളവ.

മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട് ഗുജറാത്തിലെ സൂറത്തിലെ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. വിധിക്കെതിരെ അപ്പീൽ നൽകാൻ രാഹുലിന് 30 ദിവസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ് കോൺഗ്രസ്. നടപടി ബിജെപിയുടെ പ്രതികാര രാഷ്ട്രീയമെന്ന ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം.

അതേസമയം, ഇന്ന് ഉച്ചക്ക് ഒരുമണിക്ക് എഐസിസി ആസ്ഥാനത്ത് രാഹുൽ മാധ്യമങ്ങളെ കാണും. കോൺഗ്രസിന്റെ തുടർനടപടികൾ അദ്ദേഹം വ്യക്തമാക്കുമെന്നാണ് സൂചന.

Similar Posts