< Back
India
സ്വന്തം വീട്ടിൽ നമസ്‌കാരം തടയുന്നത് മൗലികാവകാശ ലംഘനം; സായുധ പൊലീസ് സംരക്ഷണം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി
India

സ്വന്തം വീട്ടിൽ നമസ്‌കാരം തടയുന്നത് മൗലികാവകാശ ലംഘനം; സായുധ പൊലീസ് സംരക്ഷണം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി

അഹമ്മദലി ശര്‍ഷാദ്
|
12 March 2026 3:55 PM IST

ബറേലി സ്വദേശിയായ ഹസീൻ ഖാൻ എന്ന വ്യക്തിയുടെ ഹരജിയിലാണ് ഉത്തരവ്

പ്രയാഗ്‌രാജ്: സ്വന്തം വീട്ടിൽ നമസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിൽ ഉത്തർപ്രദേശിലെ ബറേലി സ്വദേശിക്ക് 24 മണിക്കൂറും സായുധ സുരക്ഷ ഉറപ്പാക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഹസീൻ ഖാൻ എന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ സ്വത്തിനും ഏതെങ്കിലും തരത്തിലുള്ള പോറലേറ്റാൽ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഹസീൻ ഖാന് 24 മണിക്കൂറും സുരക്ഷയൊരുക്കാൻ രണ്ട് സായുധ ഗാർഡുകളെ നിയോഗിക്കണം. അദ്ദേഹം എവിടെ പോയാലും ഈ ഗാർഡുകൾ കൂടെയുണ്ടാകണം. ഖാന്റെ ശരീരത്തിനോ സ്വത്തിനോ എന്തെങ്കിലും അതിക്രമം സംഭവിച്ചാൽ, അത് പ്രാഥമികമായി സർക്കാരിന്റെ ഒത്താശയോടെ നടന്നതായി കണക്കാക്കപ്പെടും. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം മതവിശ്വാസം പിന്തുടരുന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. സ്വന്തം വീടിനുള്ളിൽ നിസ്‌കരിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും കോടതി പറഞ്ഞു.

സ്വന്തം വീട്ടിൽ നമസ്‌കരിക്കാൻ അനുമതി തേടി ഹസീൻ ഖാൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അന്ന് സർക്കാർ കോടതിയിൽ അറിയിച്ചത് സ്വകാര്യ സ്ഥലത്തെ പ്രാർഥനയ്ക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നാണ്. എന്നാൽ, വീട്ടിൽ നമസ്‌കരിച്ചുകൊണ്ടിരുന്ന ഖാനെ പോലീസ് ബലമായി പിടിച്ചുകൊണ്ടുപോവുകയും പിഴ ചുമത്തുകയും ചെയ്തതായി പരാതിയുയർന്നു. കൂടാതെ, വീട് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഒഴിഞ്ഞ പേപ്പറുകളിൽ ബലമായി വിരലടയാളം വാങ്ങിയതായും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.

ഇതിനെതിരെയാണ് ഹസീൻ ഖാന് കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തത്. ഹസീൻ ഖാൻ നിരക്ഷരനാണെന്നത് പോലീസ് ദുരുപയോഗം ചെയ്തതായി കോടതി നിരീക്ഷിച്ചു. ഉത്തരവ് ലംഘിച്ചതിന് ബറേലി ജില്ലാ മജിസ്ട്രേറ്റ്, സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവരോട് മാർച്ച് 23-ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. അന്ന് കേസിൽ അന്തിമ വിധി പുറപ്പെടുവിക്കും.

Similar Posts