< Back
India
തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കള്ളക്കളി പുറത്തായി:  രാഹുൽഗാന്ധിക്ക് പിന്തുണയുമായി ഉദ്ധവ് ശിവസേനയും ആർജെഡിയും
India

'തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കള്ളക്കളി പുറത്തായി': രാഹുൽഗാന്ധിക്ക് പിന്തുണയുമായി ഉദ്ധവ് ശിവസേനയും ആർജെഡിയും

Web Desk
|
9 Jun 2025 5:47 PM IST

ബിജെപിയെ തുറന്നുകാട്ടുന്നതാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി എഴുതിയ ലേഖനമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: 2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പന്തുണയുമായി ശിവസേന ഉദ്ധവ് വിഭാഗം ശിവസേനയും ആര്‍ജെഡിയും.

ബിജെപിയെ തുറന്നുകാട്ടുന്നതാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും എഴുതിയ ലേഖനമെന്ന് ഉദ്ധവ് വിഭാഗം ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് വ്യക്തമാക്കി. '' ബിജെപിയുടെ കള്ളക്കളി തുറന്നുകാട്ടപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മറുപടി ലേഖനങ്ങൾ എഴുതിയാലും തെരഞ്ഞെടുപ്പ് എങ്ങനെ വിജയിച്ചു എന്ന് ലോകത്തിന് മുഴുവൻ മനസിലായി''- രാജ്യസഭാ എംപിയായ റാവത്ത് പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ സർക്കാർ 'കൈകാര്യം' ചെയ്യുകയാണെന്നും ഔദ്യോഗികമായി തിയതികൾ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ തെരഞ്ഞെടുപ്പ് ഷെഡ്യൂളുകള്‍ ബിജെപി അറിയുന്നുണ്ടെന്നും തേജസ്വി യാദവ് ആരോപിച്ചു. 2020ൽ നടന്ന അവസാന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നീതിപൂർവ്വം നടന്നില്ലെന്നും മുൻ ഉപമുഖ്യമന്ത്രികൂടിയായ തേജസ്വി യാദവ് പറയുന്നു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ മറുപടി പരിഹാസ്യം നിറഞ്ഞതാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകളും ഒത്തുകളിയും നടന്നെന്ന് വിശദീകരിച്ചാണ് ദി ഇന്ത്യന്‍ എക്സ്പ്രസില്‍ രാഹുല്‍ ഗാന്ധി ലേഖനമെഴുതിയത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ നടന്ന ഒത്തുകളികൾ രാഹുൽ ഗാന്ധി ലേഖനത്തിലൂടെ അക്കമിട്ട് നിരത്തിയിരുന്നു.

Similar Posts