
തുർക്ക്മാൻ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുൻ വഖഫ് ബോർഡ് ചെയർമാന്‍ അമാനത്തുള്ള ഖാന്‍ എംഎല്‍എ
|ആരെങ്കിലും വന്ന് നിയമവിരുദ്ധമെന്ന് പറയുമ്പോൾ തന്നെ എംസിഡി( ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍) പൊളിച്ചു മാറ്റുകയാണെന്നും അമാനത്തുള്ള ഖാൻ
ന്യൂഡല്‍ഹി: തുർക്ക്മാൻ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുൻ വഖഫ് ബോർഡ് ചെയർമാനും എഎപി എംഎല്‍എയുമായ അമാനത്തുള്ള ഖാൻ.
'സർക്കാർ നിയമവിരുദ്ധമായാണ് പൊളിച്ചുമാറ്റിയത്. രാജ്യത്തിന്റെ നല്ല അന്തരീക്ഷം നശിപ്പിക്കാനാണ് ശ്രമം. ആരെങ്കിലും വന്ന് നിയമവിരുദ്ധമെന്ന് പറയുമ്പോൾ തന്നെ എംസിഡി( ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍) പൊളിച്ചു മാറ്റുകയാണെന്നും അമാനത്തുള്ള ഖാൻ പറഞ്ഞു. ഡൽഹിയിലും രാജ്യത്തും സാമുദായിക ഐക്യം തകർക്കാൻ അധികാരികൾ ശ്രമിക്കുന്നതായി ഖാൻ ആരോപിച്ചു.
ഡൽഹി തുർക്ക്മാൻ ഗേറ്റിൽ സയ്യിദ് ഇലാഹി മസ്ജിദിന്റെ കമ്മ്യൂണിറ്റി സെന്ററടക്കം ബിജെപി സര്‍ക്കാര്‍ ഇടിച്ചു നിരത്തിയിരുന്നു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പുലർച്ചെ ഒന്നരയ്ക്ക് ബുൾഡോസർ രാജ് നടപ്പാക്കിയത്. തടയാനെത്തിയ പ്രദേശവാസികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വഖഫ് ഭൂമിയിലാണ് കെട്ടിടങ്ങൾ നിലനിന്നിരുന്നതെന്ന് മസ്ജിദ് കമ്മിറ്റി പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടി വൻ പൊലീസ് സന്നാഹത്തോടെയാണ് പള്ളിയുടെ പരിസരം പൊളിക്കാൻ എംസിഡി അധികൃതരെത്തിയത്. 32 മണ്ണുമാന്തി യന്ത്രങ്ങൾ പള്ളിയുടെ പരിസരത്ത് എത്തിയതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തടിച്ചുകൂടി. പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അനധികൃത കൈയേറ്റത്തിനെതിരെ ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കൽ നടത്തിയത് എന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നത്.
കമ്മ്യൂണിറ്റി സെന്റർ, പാർക്കിങ് ഏരിയ, സ്വകാര്യ മെഡിക്കൽ ലാബ്, റോഡിന്റെ ഭാഗങ്ങൾ, ചുറ്റുമതില്‍ എന്നിവയാണ് നിമിഷ നേരം കൊണ്ട് തകർത്തത്. കോർപ്പറേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചെങ്കിലും സ്റ്റേ നൽകിയില്ല. ഇതിന് പിന്നാലെയാണ് ഇടിച്ചു നിരത്തൽ. അതേസമയം പൊളിക്കുന്നത് മസ്ജിദ് കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.