< Back
India
2030ഓടെ 10 ലക്ഷംപേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ഇന്ത്യയില്‍ നിക്ഷേപത്തുക ഇരട്ടിയാക്കി ആമസോൺ
India

'2030ഓടെ 10 ലക്ഷംപേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും': ഇന്ത്യയില്‍ നിക്ഷേപത്തുക ഇരട്ടിയാക്കി ആമസോൺ

Web Desk
|
10 Dec 2025 2:32 PM IST

ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന ആമസോണ്‍ സംഭാവ് ഉച്ചകോടിയുടെ ആറാം പതിപ്പിലായിരുന്നു പ്രഖ്യാപനം

ന്യൂഡൽഹി: ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കവുമായി ആമസോണ്‍. ടെക് ഭീമന്മാര്‍ കുറുക്കുവഴികളിലൂടെ ലാഭം കൊയ്തുകൊണ്ടിരിക്കവെ എഐയെ കൂടുതലായി ഉപയോഗപ്പെടുത്തി ഇന്ത്യയിലെ വ്യവസായം കൂടുതല്‍ മെച്ചപ്പെടുത്താനാണ് നീക്കം. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന ആമസോണ്‍ സംഭാവ് ഉച്ചകോടിയുടെ ആറാം പതിപ്പിലായിരുന്നു പ്രഖ്യാപനം.

പുതിയ തീരുമാനപ്രകാരം, ആമസോണ്‍ 37 ബില്യണ്‍ രൂപയാണ് ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങിയിരിക്കുന്നത്. നീക്കം പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലോജിസ്റ്റിക്‌സില്‍ എഐ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മുന്നേറ്റവും സാധ്യമാക്കാനാകുമെന്നാണ് ആമസോണ്‍ കമ്പനിയുടെ വിലയിരുത്തല്‍.

പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 15 ബില്യണ്‍ നിക്ഷേപത്തുകയായി ഉയര്‍ത്തുമെന്ന് നേരത്തെ യുഎസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പുറമെ, 2030ഓടെ കയറ്റുമതി നാലിരട്ടിയായി വര്‍ധിപ്പിച്ച് 80 ബില്യണായി ഉയര്‍ത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

'എല്ലാവരും നിര്‍മിതബുദ്ധിയെ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് ഇവിടെ. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭാഗമായിരിക്കുന്നതില്‍ സന്തോഷമുണ്ട്'. ആമസോണിന്റെ മാര്‍ക്കറ്റ് തലവന്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.

ഇന്ത്യയില്‍ എഐ സാങ്കേതികവിദ്യയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് മേധാവി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആമസോണിന്റെ നീക്കം.

ഇന്ത്യയിലുടനീളം എഐയെ ജനാധിപത്യവത്കരിക്കുകയെന്നതാണ് ആമസോണിന്റെ ലക്ഷ്യം. ഇതുവഴി ഭാവിയില്‍ ഇന്ത്യക്കാര്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കൊമേഴ്‌സ് കയറ്റുമതി 80 മില്യണ്‍ ഡോളറായി ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts