< Back
India
അംബേദ്കറിന്റെ ചിത്രം വലിച്ചുകീറി; ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ കയറി പ്രിൻസിപ്പലിനെ തല്ലി കുട്ടികൾ
India

അംബേദ്കറിന്റെ ചിത്രം വലിച്ചുകീറി; ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ കയറി പ്രിൻസിപ്പലിനെ തല്ലി കുട്ടികൾ

ശരത് ഓങ്ങല്ലൂർ
|
2 Feb 2026 5:51 PM IST

ജനുവരി 27-ന് പുറത്തുനിന്നുള്ള വിദ്യാർഥികൾ എത്തി പ്രിൻസിപ്പലിനെ മർദിച്ചത്

ബറൈലി: ഡോ.ബി.ആർ അംബേദ്കറിന്റെ ഫോട്ടോ കീറിയെന്നാരോപിച്ച് ആർഎസ്എസ് നിയന്ത്രിത സ്‌കൂളിലെ പ്രിൻസിപ്പലിനെ മർദിച്ച് വിദ്യാർഥികൾ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി ശിശു വിദ്യാമന്ദിർ സ്‌കൂളിലെ പ്രിൻസിപ്പൽ അശോക് കുമാർ സൂര്യവംശിക്കാണ് പുറത്തുനിന്നുള്ള വിദ്യാർഥികളുടെ മർദനമേറ്റത്.

സ്‌കൂൾ മതിലിൽ പതിപ്പിച്ചിരുന്ന ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം പ്രിൻസിപ്പൽ കീറിയെന്നും ദലിത് വിദ്യാർഥികൾക്കെതിരെ മോശം പരാമർശം നടത്തിയെന്നും ആരോപിച്ച് ചില ഗ്രാമവാസികൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരി 27-ന് പുറത്തുനിന്നുള്ള വിദ്യാർഥികൾ എത്തി പ്രിൻസിപ്പലിനെ മർദിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത അഞ്ച് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസിന്റേത്് ഏകപക്ഷീയമായ നടപടിയാണെന്ന് ആരോപിച്ച് കുട്ടികളുടെ ബന്ധുക്കളും രംഗത്തെത്തി. ഇതോടെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്‌കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രിൻസിപ്പലിനെ മർദിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രതരിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം താൻ അംബേദ്ക്കറെ അപമാനിച്ചിട്ടില്ലെന്നും മർദിച്ചവർ തന്റെ പണം കവർന്നുവെന്നും പ്രിൻസിപ്പൽ പറയുന്നുണ്ട്. അതേസമയം, പ്രിൻസിപ്പലിനെതിരെയുള്ള ആരോപണങ്ങൾ സ്‌കൂൾ അധികൃതർ നിഷേധിച്ചു. ഒരു അധ്യാപകൻ ഒരിക്കലും ബാബാസാഹേബിനെപ്പോലെയുള്ള ഒരു മഹദ്വ്യക്തിയെ അപമാനിക്കില്ലെന്നും കുട്ടികൾക്ക് നല്ല മൂല്യങ്ങൾ പകർന്നു നൽകാനാണ് അധ്യാപകർ ശ്രമിക്കുന്നതെന്നും ആർഎസ്എസ് ജില്ലാ കോർഡിനേറ്റർ ഗജേന്ദ്ര സിംഗ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Tags :
Similar Posts