
'ഇത് ഗാന്ധിയുടെ ഇന്ത്യ തന്നെ അല്ലേ?';നായകളെ പിടികൂടണമെന്ന സുപ്രിംകോടതിയുടെ ഉത്തരവിനെതിരെ മനേകാ ഗാന്ധിയുടെ സഹോദരി
|അഭിഭാഷകരുടെ വാദങ്ങൾ കോടതി കേൾക്കാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചതെന്ന് അംബിക ശുക്ല മീഡിയവണിനോട്
ന്യൂഡല്‍ഹി:തെരുവ് നായകളെ പിടികൂടണമെന്ന് സുപ്രിംകോടതി ഉത്തരവിനെതിരെ മനേകാ ഗാന്ധിയുടെ സഹോദരി അംബിക ശുക്ല. സുപ്രിംകോടതി കൃത്യമായി വാദങ്ങൾ കേൾക്കാതെയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. സ്ഥിരീകരിക്കാത്ത മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ കോടതി സ്വീകരിച്ചു. നായകളെയും പ്രതിഷേധക്കാരെയും ആട്ടിവിടുകയാണ്, ഇത് ഗാന്ധിയുടെ ഇന്ത്യ തന്നെ അല്ലെ എന്നും അംബിക ശുക്ല മീഡിയവണിനോട് പ്രതികരിച്ചു.
സുപ്രിംകോടതി കൃത്യമായി വാദങ്ങൾ കേട്ടില്ല. അഭിഭാഷകരുടെ വാദങ്ങൾ കോടതി കേൾക്കാതെയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. പല അഭിഭാഷകർക്കും ഇതിൽ എതിർപ്പ് ഉണ്ടായിരുന്നു. ഇത് എങ്ങനെ ശെരിയാകും? ശാസ്ത്രീയ തെളിവുകളോ,മെഡിക്കൽ ഡാറ്റയെ കൃത്യമായ റിപ്പോർട്ടുകളോ ഇല്ലാതെയാണ് നടപടി. മാധ്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടിയെന്നും അംബിക ശുക്ല പറഞ്ഞു.
തെരുവുനായ പ്രശ്നത്തിൽ കഴിഞ്ഞദിവസമാണ് സുപ്രിംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത് . പൊതുയിടങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റാൻ സംസ്ഥാനങ്ങൾക്ക് സുപ്രിംകോടതി നിർദേശം നൽകി. പിടികൂടുന്ന തെരുവ് നായകളെ വന്ധീകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. നിരീക്ഷണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോളിങ് ടീം ഉണ്ടാകണം. നടപടികളിൽ സംസ്ഥാനങ്ങൾ എട്ട് ആഴ്ചകം സത്യവാങ്മൂലമായി നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചിരുന്നു.ആശുപത്രികൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ തുടങ്ങി പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റണമെന്നാണ് സുപ്രിം കോടതിയുടെ നിർദേശം.
