< Back
India
പഞ്ചാബ് മുഖ്യമന്ത്രിയാകാനില്ല: രാഹുലിനോട് അംബിക സോണി
India

പഞ്ചാബ് മുഖ്യമന്ത്രിയാകാനില്ല: രാഹുലിനോട് അംബിക സോണി

Web Desk
|
19 Sept 2021 11:19 AM IST

സിഖുകാരനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് അംബിക സോണി അറിയിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

പഞ്ചാബിന്‍റെ അടുത്ത മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് കോൺഗ്രസ് നേതാവ് അംബിക സോണി. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് അംബിക സോണി മുഖ്യമന്ത്രിയാകാനില്ലെന്ന് അറിയിച്ചത്. സിഖുകാരനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് അംബിക സോണി അറിയിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

കോൺഗ്രസിന്‍റെ മൂന്ന് നേതാക്കള്‍ പഞ്ചാബിലെ എല്ലാ എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തി അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അഭിപ്രായം ആരായുകയാണ്. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഹൈക്കമാന്‍ഡിനെ അറിയിക്കും. പല നേതാക്കളും നിലവിലെ സ്ഥിതിഗതികളില്‍ അസ്വസ്ഥരാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വിവരം.

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ആറ് മാസം മാത്രമാണ് ബാക്കിയുള്ളത്. അതിനിടെയാണ് അമരിന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്- "ഇന്നലെ ഹരീഷ് റാവത്തും അജയ് മാക്കനും എംഎൽഎമാരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ സോണിയ ഗാന്ധിയുടെ തീരുമാനം അന്തിമമായിരിക്കും എന്ന പ്രമേയം പാസാക്കി. ഇന്ന് സോണിയാ ഗാന്ധിയുടെ തീരുമാനം അറിയാം"- പഞ്ചാബ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പവൻ ഗോയൽ പറഞ്ഞു.

കോൺഗ്രസിന്‍റെ പഞ്ചാബിലെ മുന്‍ അധ്യക്ഷൻ സുനിൽ ജഖർ, പാർട്ടി സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു, മന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ തുടങ്ങിയ പേരുകളെല്ലാം പട്ടികയിലുണ്ട്. രജീന്ദർ സിംഗ് ബജ്‌വ, പ്രതാപ് സിംഗ് ബജ്‌വ തുടങ്ങിയവരും പരിഗണനയിലുണ്ട്.

സിദ്ദുവിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ അമരീന്ദര്‍ സിങ് തയ്യാറല്ല- "നവജ്യോത് സിംഗ് സിദ്ദു കഴിവില്ലാത്ത ആളാണ്. അദ്ദേഹം എന്‍റെ സര്‍ക്കാരില്‍ വലിയ ദുരന്തമായിരുന്നു. ഞാൻ അദ്ദേഹത്തിന് നൽകിയ വകുപ്പ് മര്യാദയ്ക്ക് പ്രവർത്തിപ്പിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. ഏഴ് മാസം അദ്ദേഹം ഫയലുകൾ നോക്കുക പോലും ചെയ്തില്ല".

Related Tags :
Similar Posts