< Back
India
Ambulance driver and helper molest woman
India

യു.പിയിൽ രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ചു; ഭർത്താവ് മരിച്ചു

Web Desk
|
5 Sept 2024 2:57 PM IST

ആംബുലൻസ് ഡ്രൈവറും സഹായിയും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.

ലഖ്‌നോ: ഉത്തർപ്രദേശിൽ രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ചതായി പരാതി. ആംബുലൻസ് ഡ്രൈവറും സഹായിയും ചേർന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ഭർത്താവിന്റെ ഓക്‌സിജൻ സംവിധാനം പ്രതികൾ വിച്ഛേദിച്ചെന്നും ഇതേത്തുടർന്ന് ഭർത്താവ് മരണപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും കൊള്ളയടിച്ചെന്നും യുവതി പറഞ്ഞു.

ആഗസ്റ്റ് 29ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭർത്താവ് അസുഖബാധിതനായി ലഖ്‌നോവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇവിടെനിന്ന് ഡിസ്ചാർജ് വാങ്ങി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. ഇതിനായി ഗാസിപൂരിൽനിന്ന് ഒരു സ്വകാര്യ ആംബുലൻസ് വിളിച്ചു.

രോഗിയായ ഭർത്താവിനൊപ്പം പരാതിക്കാരിയുടെ സഹോദരനും ആംബുലൻസിലുണ്ടായിരുന്നു. യാത്രക്കിടെ ഡ്രൈവർ സ്ത്രീയോട് മുൻവശത്തെ സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടു. സ്ത്രീ മുൻസീറ്റിലിരുന്നാൽ രാത്രി പൊലീസിന്റെ പരിശോധന ഒഴിവാക്കാമെന്നായിരുന്നു ഇയാൾ പറഞ്ഞത്. തുടർന്ന് സ്ത്രീയെ നിർബന്ധിച്ച് മുൻസീറ്റിലിരുത്തി. ഇതിന് പിന്നാലെ ഡ്രൈവറും സഹായിയും സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

അതിക്രമം കണ്ട് സഹോദരനും രോഗിയായ ഭർത്താവും ബഹളംവെച്ചെങ്കിലും ഇരുവരും ഉപദ്രവം തുടർന്നു. പിന്നാലെ ഡ്രൈവർ വാഹനം നിർത്തി ഭർത്താവിന്റെ മുഖത്ത് ഘടിപ്പിച്ചിരുന്ന ഓക്‌സിജൻ മാസ്‌ക് നീക്കിയെന്നും ഭർത്താവിനെ ആംബുലൻസിൽനിന്ന് പുറത്തിറക്കിയെന്നും യുവതി പറഞ്ഞു. ഇവരുടെ സഹോദരനെ മുൻവശത്തെ കാബിനിൽ പൂട്ടിയിട്ട പ്രതികൾ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന 10,000 രൂപയും പാദസരങ്ങളും മറ്റുരേഖകളും കൊള്ളയടിച്ച് ആംബുലൻസുമായി രക്ഷപ്പെട്ടു.

പൊലീസിനെ വിളിച്ച് സഹായം തേടിയതിനെ തുടർന്ന് ഇവരെ മറ്റൊരു ആംബുലൻസിൽ ഗൊരഖ്പൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പരാതിക്കാരിയുടെ ഭർത്താവ് മരിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണർ ജിതേന്ദ്ര കുമാർ ദുബെ പറഞ്ഞു.

Related Tags :
Similar Posts