< Back
India
Amit Shah holds party meeting with BJP leaders in Bihar
India

രാഹുലിന്റെ 'വോട്ടർ അധികാർ യാത്ര'ക്ക് പിന്നാലെ പ്രത്യേക ബിഹാർ യോഗം വിളിച്ച് അമിത് ഷാ

Web Desk
|
5 Sept 2025 11:31 AM IST

രാഹുൽ ഗാന്ധിയുടെ യാത്രക്കെത്തിയവർ പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചുവെന്ന ആരോപണം സജീവമാക്കി വോട്ട്‌ചോരി ആരോപണത്തെ നേരിടാനാണ് ബിജെപി തീരുമാനം

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ 'വോട്ടർ അധികാർ യാത്ര' സമാപിച്ചതിന് പിന്നാലെ ബിഹാറിൽ പ്രത്യേക യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഷായുടെ ഔദ്യോഗിക വസതിയിലായിരുന്നു യോഗം. രാഹുലിന്റെ വോട്ട്‌ചോരി പ്രചാരണം ജനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കിയെന്നാണ് ബിജെപി വിലയിരുത്തൽ. ഇതിനെതിരെ മറുപ്രചാരണവുമായി ജനങ്ങളിലേക്ക് ഇറങ്ങാനും ബിജെപി തീരുമാനിച്ചു.

രാഹുൽ ഗാന്ധിയുടെ യാത്ര വോട്ടുകൊള്ളയെ കുറിച്ചുണ്ടാക്കിയ ആശയക്കുഴപ്പമാണ് യോഗം പ്രാഥമികമായി ചർച്ച ചെയ്തതെന്നും അത് ഇല്ലാതാക്കാൻ ജനങ്ങളിലേക്കിറങ്ങുമെന്നും മണ്ഡലംതോറും പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി ബിഹാർ സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്‌സ്വാൾ പറഞ്ഞു.

ഭരണഘടന വ്യവസ്ഥകൾ പ്രകാരമാണ് വോട്ടർപട്ടിക തീവ്ര പരിശോധന (എസ്‌ഐആർ) നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് മറ്റൊരു മുതിർന്ന നേതാവ് പറഞ്ഞു. നവംബർ 20 വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിവരുമെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചത്.

രാഹുൽ ഗാന്ധിയുടെ യാത്രക്കെത്തിയവർ പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചുവെന്ന ആരോപണം സജീവമാക്കി വോട്ട്‌ചോരി ആരോപണത്തെ നേരിടാനാണ് ബിജെപി തീരുമാനം. യാത്രയിലെ പ്രചാരണങ്ങളെ നേരിടാൻ 98 അംഗസംഘത്തെ പാർട്ടി സജ്ജമാക്കിയിട്ടുണ്ട്. ഈ നേതാക്കൾ സംസ്ഥാന വ്യാപകമായി വാർത്താസമ്മേളനങ്ങളും കോർണർ യോഗങ്ങളും പ്രവർത്തകരുടെ കൂട്ടായ്മകളും സംഘടിപ്പിച്ച് നിലപാട് വിശദീകരിക്കും.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, ബിഹാറിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, സഹ ചുമതലയുള്ള ദീപക് പ്രകാശ്, ഉപ മുഖ്യമന്ത്രിമാരായ വിജയ് സിൻഹ, സാമ്രാട്ട് ചൗധരി തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

Similar Posts