
'അഴിമതിക്കാരെ ജനം തൂത്തെറിയും, 2026ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാറുണ്ടാക്കും'; അമിത് ഷാ
|മഹാരാഷ്ട്രയിലും ഹരിയാനയിലും ലഭിച്ചതിനേക്കാളും വലിയ വിജയത്തോടെ ബിജെപി തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്നും അമിത് ഷാ
കോയമ്പത്തൂര്‍: 2026ല്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതിക്കും കെടുകാര്യസ്ഥതക്കും പേര് കേട്ട ഡിഎംകെ സര്‍ക്കാറിനെ ജനം തൂത്തറിയുമെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂരില്‍ ബിജെപിയുടെ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലും ഹരിയാനയിലും ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ബിജെപി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
'' തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. 2026ൽ ഞങ്ങൾ എൻഡിഎ ഭരണം സ്ഥാപിക്കും. ഈ പുതിയ സർക്കാർ, തമിഴ്നാട്ടില്‍ പുതിയ യുഗത്തിന് തുടക്കമിടും. സംസ്ഥാനത്തെ സ്വജനപക്ഷപാതം അവസാനിപ്പിക്കും. അഴിമതി ഇല്ലാതാക്കും. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ ഇവിടെ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്''- അമിത് ഷാ പറഞ്ഞു.
അതേസമയം തമിഴ്‌നാട്ടില്‍ ഭാഷാവിവാദം കത്തിനില്‍ക്കുന്നതിനിടെ, തമിഴിനെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന് എന്ന് അമിത് ഷാ വിശേഷിപ്പിച്ചു. തമിഴ് ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കാത്തതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് അമിത് ഷാ തന്റെ പ്രസംഗം ആരംഭിച്ചത്. മണ്ഡല പുനർനിർണയം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു പാർലമെൻ്റ് സീറ്റ് പോലും നഷ്ടമാകില്ലെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.