< Back
India
arrest
India

അമൃത്പാൽ സിങ്ങിൻ്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; ഗൂഢാലോചനയെന്ന് പിതാവ്

Web Desk
|
12 July 2024 2:32 PM IST

അസമിലെ ദിബ്രുഗഡ് ജയിലിലാണ് അമൃതപാൽ സിങ് ഇപ്പോൾ കഴിയുന്നത്

ജലന്ധർ: ഖഡൂർ സാഹിബ് എം.പിയും ഖലിസ്ഥാൻ അനുകൂല നേതാവുമായ അമൃതപാൽ സിങ്ങിന്റെ മൂത്ത സഹോദരൻ ഹർപ്രീത് സിങ്ങിനെ മയക്കുമരുന്നുമായി പിടികൂടി. അഞ്ച് ഗ്രാം മെതാംഫെറ്റാമൈനുമായാണ് പൊലീസ് ഹർപ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തത്. ലുധിയാനയിലേക്കുള്ള യാത്രാമധ്യേയാണ് സിങ്ങിനെയും മറ്റൊരു വ്യക്തി ലവ്പ്രീത് സിങിനെയും ജലന്ധർ റൂറൽ പൊലീസ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇത് തങ്ങളുടെ കുടുംബത്തിനും അമൃത്പാൽ സിങ്ങിൻ്റെ സഹായികൾക്കും അനുയായികൾക്കുമെതിരായ ഗൂഢാലോചനയാണെന്ന് സംഭവത്തിൽ പ്രതികരിച്ച സിങിന്റെ പിതാവ് തർസെം സിങ് പറഞ്ഞു. 'തങ്ങളെ അപകീർത്തിപ്പെടുത്താൻ സർക്കാരിന് ഈ ഗൂഢാലോചന ചെയ്യാൻ കഴിയുമെന്ന് ഇതിനകം മനസ്സിലാക്കിയതാണ്. തങ്ങളുടെ പരാജയങ്ങൾ മറച്ചുവെക്കാനാണ് സർക്കാർ ഇത് ചെയ്യുന്നത്. ഇതൊരു പുതിയ കാര്യമല്ല. ഇത്തരം കള്ളക്കേസുകൾ ഇതിന് മുമ്പും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനകം നിരവധി സിഖുകാരെ വ്യാജ ഏറ്റുമുട്ടലുകളിൽ അവർ കൊന്നിട്ടുണ്ട്.'- അ​ദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ജയിലിലാണ് അമൃതപാൽ സിങ് ഇപ്പോൾ കഴിയുന്നത്. ‌കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖഡൂർ സാഹിബ് മണ്ഡലത്തിൽ മത്സരിച്ച അമൃത്പാലിന് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

Similar Posts