< Back
India
അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റി തകർക്കുമെന്ന് ഭീഷണി; ഈമെയിലിന് പിന്നാലെ സുരക്ഷാ സജ്ജീകരണങ്ങൾ വർധിപ്പിച്ചു
India

അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റി തകർക്കുമെന്ന് ഭീഷണി; ഈമെയിലിന് പിന്നാലെ സുരക്ഷാ സജ്ജീകരണങ്ങൾ വർധിപ്പിച്ചു

Web Desk
|
10 Jan 2025 6:55 PM IST

ഭീഷണി ഇമെയിൽ അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി

ലഖ്നൗ: യുപിയിലെ അലിഗഡ് മുസ്‍ലിം സർവകലാശാലക്ക് ബോംബ് ഭീഷണി. കഴിഞ്ഞദിവസമാണ് സർവകലാശാല കാമ്പസുകളിൽ സ്ഫോടനം നടക്കുമെന്ന അജ്ഞാത സന്ദേശം ഇ- മെയിൽ വഴി ലഭിച്ചത്. തുടർന്ന് കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങൾ വർധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

വൈസ് ചാൻസലർ ഉൾപ്പെടെയുള്ള എല്ലാ ഉന്നത സർവകലാശാലാ ഉദ്യോഗസ്ഥർക്കും വ്യാഴാഴ്ച വൈകുന്നേരം മുതൽ സുരക്ഷ വർധിപ്പിച്ചതായി സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖർ പഥക് അറിയിച്ചു. കൂടാതെ കാമ്പസിലും പരിസരത്തുമുള്ള പ്രദേശങ്ങളിലും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. യാതൊരു പരീക്ഷണത്തിനും മുതിരുന്നില്ലെന്നും ഭീഷണി സന്ദേശത്തെ ഗൗരവമായി കാണുകയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ഭീഷണി ഇ മെയിൽ അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. മെയിൽ ഐഡിയുടെ ഉറവിടം കണ്ടെത്താൻ സൈബർ ക്രൈം സെല്ലും സജീവമാക്കിയിട്ടുണ്ട്. കാമ്പസിനുള്ളിലെ പ്രധാന സ്ഥലങ്ങളിൽ പൊലീസ് ഡോഗ് സ്ക്വാഡുൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. വ്യാജ ഭീഷണിയാണോ അതോ നഗരത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുകയാണോ ലക്ഷ്യമെന്ന് കണ്ടെത്താൻ പൊലീസ് ശ്രമിച്ചുവരികയാണെന്ന് സർക്കിൾ ഓഫീസർ (സിവിൽ ലൈൻസ്) അഭയ് പാണ്ഡെയും കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച ഒരു ഡസനോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ വിമാനത്താവളങ്ങളിൽ ഉൾപ്പെടെ സ്ഫോടന ഭീഷണി നേരിട്ടിരുന്നു. അതേസമയം, ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഉയർത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ വെള്ളിയാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Similar Posts