
ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ ബസ് തീപിടിത്തത്തിൽ കത്തിനശിച്ച ബസ് | Photo: The Hindu
ആന്ധ്രാ ബസ് തീപിടിത്തം; അപകടം തീവ്രമാക്കിയത് ബസിലുണ്ടായിരുന്ന 234 സ്മാർട്ട്‌ഫോണുകൾ
|ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ ബസ് തീപിടിത്തത്തിൽ 20 പേർ മരണപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ ബസ് തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പുതിയൊരു സംഭവം കൂടി പുറത്തുവരികയാണ്. അപകടസമയത്ത് പൊട്ടിത്തെറിച്ച ബസിനുള്ളിൽ 234 സ്മാർട്ട്‌ഫോണുകൾ ഉണ്ടായിരുന്നു എന്നതാണ് പുതിയതായി പുറത്തുവരുന്ന വിവരം. ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് തീയുടെ തീവ്രതക്ക് കാരണമായതെന്ന് ഫോറൻസിക് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അപകടത്തിൽ 20 പേർ മരണപ്പെട്ടു.
ഹൈദരാബാദ് ആസ്ഥാനമായുള്ള മംഗനാഥ് എന്ന വ്യവസായിയാണ് 46 ലക്ഷം രൂപ വിലയുള്ള 234 സ്മാർട്ട്‌ഫോണുകൾക്ക് ബെംഗളൂരുവിലെ ഇ-കൊമേഴ്‌സ് കമ്പനിയിലേക്ക് പാഴ്‌സലായി അയച്ചത്. അവിടെ നിന്നാണ് ഫോണുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. ഫോണുകൾക്ക് തീപിടിക്കുന്നതിനിടയിൽ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സ്മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിച്ചതിന് പുറമേ ബസിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ പി വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി. ചൂട് വളരെ കഠിനമായിരുന്നതിനാൽ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ ഉരുകിപ്പോയി എന്നും വെങ്കിട്ടരാമൻ പറഞ്ഞു.
ഇന്ധന ചോർച്ച മൂലമാണ് മുൻവശത്ത് തീ പടർന്നതെന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ബൈക്കുമായി ഉണ്ടായ ആക്‌സിഡന്റിനെ തുടർന്ന് ബസിനടിയിൽ കുടുങ്ങിയ ബൈക്കിലെ പെട്രോൾ ടാങ്കിൽ നിന്ന് തീയുണ്ടാവുകയും അത് മുഴുവൻ വാഹനത്തിലേക്ക് മുഴുവൻ പടരുകയും ചെയ്തതായാണ് വിലയിരുത്തൽ.