
വായ്പ തിരിച്ചടച്ചില്ല, കുട്ടികളുടെ മുന്നിലൂടെ യുവതിയെ വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് മർദിച്ചു; സംഭവം ആന്ധ്രാ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍
|- യുവതിയെ ക്രൂരമായി മര്‍ദിച്ച ദമ്പതികളെയും ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വായ്പ തിരിച്ചടക്കാത്തതിന്‍റെ പേരില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ദമ്പതികൾ അറസ്റ്റില്‍. ഭര്‍ത്താവെടുത്ത വായ്പ തിരിച്ചടക്കാത്തതിന്‍റെ പേരിലായിരുന്നു യുവതിക്ക് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത്. ആന്ധ്രാ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമായ കുപ്പം മണ്ഡലത്തിലെ നാരായണപുരം ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതിയെ മര്‍ദിച്ച ദമ്പതികളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...28 കാരിയായ സിരിഷയുടെ ഭര്‍ത്താവായ ആർ. തിമപ്പ രണ്ട് വർഷം മുമ്പ് ഇതേ ഗ്രാമത്തിലെ മണിക്കപ്പയിൽ നിന്ന് 80,000 രൂപ വായ്പയെടുത്തിരുന്നു. ചെറിയ പ്രതിമാസ ഗഡുക്കളായി വായ്പ തിരിച്ചടച്ചു വരികയായിരുന്നു. തിമപ്പ അടുത്തിടെ ബെംഗളൂരുവിലേക്ക് പോകുകയും അവിടെ നിർമ്മാണ തൊഴിലാളിയായി ജോലി നോക്കുകയും ചെയ്തു.
ഇതിനിടെ, മണിക്കപ്പയ്ക്ക് പണം നൽകുന്നത് നിർത്തിയതായും പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് തിമപ്പയുടെ ഭാര്യയെ കുട്ടികളുടെ മുന്നിലൂടെ വലിച്ചിഴിച്ച് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. മണിക്കപ്പയുടെ ഭാര്യയും ഭാര്യാ സഹോദരിയും യുവതിയെ ആക്രമിച്ചു.പൊലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. മണിക്കപ്പക്കും ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 341, 323, 324, 606, 34 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ സിരിഷയും കുട്ടികളും ബെംഗളൂരുവിലേക്ക് പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ഗ്രാമവാസികൾ തടയാൻ ശ്രമിച്ചിട്ടും മണിക്കപ്പയുടെ ഭാര്യ സിരിഷയെ ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.