
'ബൈക്ക് ഓടിക്കുന്നതിലും ശരീരപ്രദര്‍ശനത്തിലും പ്രോട്ടീൻ കഴിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കൂ'; സിനിമകളെക്കുറിച്ച് വലിയ അഭിപ്രായം പറയണ്ടെന്ന് ജോൺ എബ്രഹാമിനോട് അഗ്നിഹോത്രി
|ജോൺ ഒരു ചരിത്രകാരനോ ബുദ്ധിജീവിയോ ചിന്തകനോ എഴുത്തുകാരനോ അല്ല
മുംബൈ: രാഷ്ട്രീയമായി ആളുകളെ സ്വാധീനിക്കുന്ന കശ്മീര്‍ ഫയൽസ്, ഛാവ പോലുള്ള ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് ബോളിവുഡ് നടൻ ജോൺ എബ്രാഹാമിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താരത്തിനെതിരെ ആഞ്ഞടിച്ച വിവേക് സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു.
"ജോൺ ഒരു ചരിത്രകാരനോ ബുദ്ധിജീവിയോ ചിന്തകനോ എഴുത്തുകാരനോ അല്ല. സത്യമേവ ജയതേ പോലുള്ള വളരെ വളരെ ദേശസ്നേഹപരമായ സിനിമകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങളിൽ അദ്ദേഹം ഡിപ്ലോമാറ്റികാണ്. പല കാരണങ്ങളാൽ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാകണം. ഏതെങ്കിലും മഹാനായ ചരിത്രകാരൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് നിങ്ങൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ, എനിക്ക് അത് മനസ്സിലാകുമായിരുന്നു. അദ്ദേഹം എന്താണ് പറയുന്നതെന്ന് എനിക്ക് പ്രശ്നമില്ല. ഇന്ത്യയുടെ അന്തരീക്ഷം അതിരുകടന്ന രാഷ്ട്രീയമല്ലാതിരുന്നത് എപ്പോഴാണ്? ഇന്ത്യയിൽ ഹിന്ദു-മുസ്‍ലിം ജാതി പ്രശ്‌നങ്ങൾ ഇല്ലാതിരുന്നത് എന്നാണ്? മോട്ടോർ ബൈക്കുകൾ ഓടിക്കുന്നതിനും ശരീരം പ്രദർശിപ്പിക്കുന്നതിനും പ്രോട്ടീൻ കഴിക്കുന്നതിലുമാണ് അയാൾ അറിയപ്പെടുന്നത്. അയാൾ ആ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അദ്ദേഹം സിനിമകളെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്'' വിവേക് പറഞ്ഞു.
''ഞാന്‍ വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരനോ അല്ല. എനിക്ക് രാഷ്ട്രീയമില്ല. എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം, വലതുപക്ഷ സിനിമകള്‍ക്ക് വലിയ പ്രേക്ഷക പിന്തുണ ലഭിക്കുന്നു എന്നതാണ്. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അപ്പോഴാണ് നിങ്ങള്‍ സ്വയം ചോദിച്ചുപോകുന്നത്, ഏത് വഴി തിരഞ്ഞെടുക്കണമെന്ന്- വാണിജ്യപരമായ വഴി സ്വീകരിക്കണോ അതോ എനിക്ക് പറയാനുള്ള കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്തണോ? ഞാന്‍ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്.
ഞാന്‍ 'ഛാവ' കണ്ടിട്ടില്ല, പക്ഷെ ആളുകള്‍ക്ക് അത് ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം. 'ദി കശ്മീര്‍ ഫയല്‍സും' അതുപോലെ തന്നെ. എന്നാല്‍ അതീവ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സാഹചര്യത്തില്‍, ആളുകളെ സ്വാധീനിക്കുക എന്ന ഉദ്ദേശത്തോടെ സിനിമകള്‍ നിര്‍മിക്കപ്പെടുകയും, അത്തരം സിനിമകള്‍ക്ക് പ്രേക്ഷകരെ ലഭിക്കുകയും ചെയ്യുന്നത് എന്നെ ഭയപ്പെടുത്തുന്നു. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയാണെങ്കില്‍, ഇല്ല എന്നാണ് എന്റെ മറുപടി. എനിക്കൊരിക്കലും അത്തരം പ്രലോഭനങ്ങള്‍ ഉണ്ടായിട്ടില്ല. അത്തരം സിനിമകള്‍ ഞാന്‍ ഒരിക്കലും നിര്‍മിക്കുകയുമില്ല'' എന്നാണ് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ജോൺ എബ്രഹാം പറഞ്ഞത്.
വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച് 2022-ൽ പുറത്തിറങ്ങിയ ചിത്രമാണ് കശ്മീര്‍ ഫയൽസ്. 90കളിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്താൽ കശ്മീരിൽ പലായനം ചെയ്യേണ്ടിവന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയെന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെട്ടത്. എന്നാൽ, ബിജെപി ചിത്രത്തെ ആശയപ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതാണ് ചിത്രമെന്നും വ്യാപക വിമർശനമുയർന്നിരുന്നു.
സെപ്തംബര്‍ 5ന് തിയറ്ററുകളിലെത്താൻ പോകുന്ന ബംഗാൾ ഫയൽസും ഇതിനോടകം തന്നെ വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. 1946-ലെ കൊല്‍ക്കത്ത കലാപത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.