
Photo| Special Arrangement
ലോണ്‍ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
|സംഭവത്തില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല
ന്യൂഡല്‍ഹി: ലോണ്‍ തട്ടിപ്പ് കേസില്‍ റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ വസ്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനില്‍ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്.
മുംബൈയിലെ പാലി ഹില്ലിലുള്ള വസതിയുള്‍പ്പെടെ രാജ്യത്തെ വിവിധ ഇടങ്ങളിളുള്ള കമ്പനികളുടെ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. ഡല്‍ഹിയിലെ മഹാരാജ രഞ്ജിത് സിങ് മാര്‍ഗിലുള്ള റിലയന്‍സ് സെന്ററിന്റെ ഉടമസ്ഥതയിലുള്ള വസ്തു, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ നിരവധി ആസ്തികള്‍ എന്നിവയ്ക്ക് എതിരെയാണ് ഇഡി നടപടി.
3,064 കോടി രൂപയുടെ സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയിരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍), റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (ആര്‍സിഎഫ്എല്‍) എന്നിവയുടെ യെസ് ബാങ്കുമായി ബന്ധപ്പെട്ട പൊതു ഫണ്ട് വകമാറ്റി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി.
2017-19 കാലയളവില്‍ യെസ് ബാങ്ക് ഫിനാന്‍സ് ഹോം ലിമിറ്റഡില്‍ 2695 കോടിയും കൊമേഴ്‌സ് ഫിനാന്‍സില്‍ 2045 കോടിയും നിക്ഷേപിച്ചുവെന്നും എന്നാല്‍ 2019 ഡിസംബറോടെ ഇത് നിഷ്‌ക്രിയ നിക്ഷേപമായി മാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. ഫിനാന്‍സ് ഹോം ലിമിറ്റഡിന് 1984 കോടി രൂപയും കൊമേഴ്‌സ്യല്‍ ഫിനാന്‍സിന് 1984 കോടി രൂപയും കുടിശ്ശിക ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
വായ്പ വകമാറ്റിയും, സാമ്പത്തിക ക്രമക്കേടുകളും നടത്തി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ 17,000 കോടിയിലധികം രൂപയിലധികം വെട്ടിച്ചെന്നാണ് ഇഡിയുടെ ആരോപണം. ആര്‍എച്ച്എഫ്എല്ലിന് 1353.50 കോടി രൂപയും ആര്‍സിഎഫ്എല്ലിന് 1984 കോടി രൂപയും കുടിശ്ശികയുണ്ടെന്നാണ് ഇഡി കണക്കുകള്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈ 24 ന് മുംബൈയില്‍ ഇഡി റിലയന്‍സ് സ്ഥാപനങ്ങളില്‍ വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു. റിലയന്‍സ് ഗ്രൂപ്പിലെ എക്സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ 25 പേരുമായി ബന്ധപ്പെട്ട അന്‍പതോളം ഇടങ്ങളിലായിരുന്നു പരിശോധന. സംഭവത്തില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.