
'വിശക്കുന്ന കാടൻപൂച്ചകൾക്ക് കിട്ടിയ പച്ചപ്പാൽ'; അങ്കിത ഭണ്ഡാരിയെ അപമാനിച്ച് ആർഎസ്എസ് നേതാവ്
|പരാമർശത്തിൽ പൊലീസ് കേസെടുത്തു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസോർട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിക്കെതിരെ അപകീർത്തി പരാമർശവുമായി ആർഎസ്എസ് നേതാവ്. വിശക്കുന്ന കാടൻ പൂച്ചകൾക്ക് കിട്ടിയ പച്ചപ്പാലായിരുന്നു പെൺകുട്ടി എന്നാണ് ആർഎസ്എസ് നേതാവ് വിപിൻ കർൺവാളിന്റെ പരാമർശം. പരാമർശത്തിൽ പൊലീസ് കേസെടുത്തു.
' ഞാനേതെങ്കിലും മെഴുകുതിരി മാർച്ചിനോ പണിമുടക്കിനോ പോകുന്നില്ല. അശ്ലീലം നടക്കുന്ന ഒരു റിസോർട്ടിലാണ് പെൺകുട്ടി ജോലി ചെയ്തിരുന്നത്. ആ പത്തൊമ്പതു വയസ്സുകാരിയുടെ സമ്പാദ്യമാണ് അച്ഛനും അവളുടെ സഹോദരിയും തിന്നുന്നത്. വിശക്കുന്ന കാടൻപൂച്ചകൾക്ക് മുമ്പിൽ പച്ചപ്പാൽ കൊണ്ടുവച്ച അവരാണ് പ്രധാന പ്രതികൾ'- കർൺവാൾ ഹിന്ദിയിൽ ട്വീറ്റു ചെയ്തു.
സെപ്തംബർ 24നാണ് ഋഷികേശിലെ ചില്ല കനാലിൽ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം കണ്ടെത്തിയത്. സെപ്തംബർ 18നാണ് ഇവരെ കാണാതായത്. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ വനന്താര റിസോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു പെൺകുട്ടി. ആദ്യത്തെ ശമ്പളം കിട്ടുന്നതിന് മുമ്പാണ് പെൺകുട്ടി കൊല്ലപ്പെട്ടത്.
സംഭവത്തിൽ റിസോർട്ട് ഉടമയും ബിജെപി യുവ നേതാവുമായ പുൾകിത് ആര്യ, മറ്റു രണ്ടു റിസോർട്ട് ജീവനക്കാർ എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനാണ് പുൾകിത്. സംഭവത്തിന് പിന്നാലെ വിനോദിനെ ബിജെപി പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
അതിനിടെ, അങ്കിത ഭണ്ഡാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൈ, വിരൽ, പുറം എന്നിവിടങ്ങളിലെല്ലാം മുറിവുകളുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.
'പതിനായിരം രൂപയ്ക്ക് വിൽക്കില്ല'
മരണത്തിന് പിന്നാലെ അങ്കിത സുഹൃത്തിന് അയച്ച സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. പാവപ്പെട്ടവളാണ് എങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വിൽക്കില്ലെന്ന് അവർ സന്ദേശത്തിൽ പറയുന്നു.
'ഇന്ന് അങ്കിത് (റിസോർട്ട് മാനേജർ) വന്ന് വിശദമായി സംസാരിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ സമ്മതിച്ചു. എന്റെ റിസപ്ഷൻ ഡസ്‌കിന്റെ മൂലയിൽ ചെന്നു. അതിഥികൾക്ക് 'എക്സ്ട്രാ സർവീസിന്' സന്നദ്ധമാണോ എന്ന് അയാൾ ചോദിച്ചു. പതിനായിരം രൂപ അധികം കിട്ടുമെന്നും പറഞ്ഞു. ദരിദ്രയാണ് എങ്കിലും പതിനായിരം രൂപയ്ക്ക് എന്നെ വിൽക്കുന്നില്ലെന്ന് ഞാൻ ഉറച്ചു പറഞ്ഞു. എന്റെ മറുപടി കേട്ട അദ്ദേഹം, ഇക്കാര്യം ചെയ്യാൻ ആവശ്യപ്പെടുകയല്ലെന്നും താത്പര്യമുണ്ടോ എന്നു ചോദിക്കുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു. എന്നാൽ ഇക്കാര്യം അയാൾ എന്നോടു മാത്രമാണ് ആവശ്യപ്പെട്ടത്. തുക കണ്ട് ഞാൻ സമ്മതിക്കുമെന്നാണ് അയാൾ കരുതിയത്'- അവർ പറഞ്ഞു. .
സ്പെഷ്യൽ സർവീസിന് സന്നദ്ധമല്ലെങ്കിൽ തനിക്കു പകരം മറ്റൊരാളെ വയ്ക്കുമെന്ന ഭീഷണി നേരിട്ടെന്നും അവർ മറ്റൊരു സന്ദേശത്തിൽ പറയുന്നു. 'അങ്കിത് ഇതൊരിക്കൽ കൂടി ആവശ്യപ്പെടുകയാണ് എങ്കിൽ റിസോർട്ടിൽ ഞാനിനി ജോലിക്കു നിൽക്കില്ല. ഇവർ എന്നെ വേശ്യയാക്കാനാണ് നോക്കുന്നത്.' - അവർ കുറിച്ചു.