
'തോക്ക് ചൂണ്ടി ഒരാളെയും പാർട്ടിയിൽ നിലനിർത്താനാകില്ല, രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും'; ബിജെപി മുൻ അധ്യക്ഷൻ അണ്ണാമലൈ
|തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വവുമായും എഐഎഡിഎംകെയുമായും അണ്ണാമലൈ അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതികരണം
ചെന്നൈ: ഒരാളുടെയും തലയിൽ തോക്ക് ചൂണ്ടി പാർട്ടിയിൽ നിലനിർത്താൻ സാധിക്കില്ലെന്ന് ബിജെപി തമിഴ്‌നാട് മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ.ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് സിവിൽ സർവീസ് വിട്ട് താൻ ബിജെപിയിൽ ചേർന്നതെന്നും അണ്ണാമലൈ പറഞ്ഞു. ഇതിനായില്ലെങ്കിൽ രാജി വെച്ച് കൃഷിയിലേക്ക് മടങ്ങുമെന്നും അണ്ണാമലൈ പറഞ്ഞു.
തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വവുമായും എഐഎഡിഎംകെയുമായും അണ്ണാമലൈ അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതികരണം. സ്വത്ത് സംബന്ധിച്ച കേസിൽ ബിജെപി നേതൃത്വം അണ്ണാമലൈയിൽ നിന്ന് വിശദീകരണം തേടിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
'മുന്നണികളെക്കുറിച്ചുള്ള അഭിപ്രായം പറയാൻ തനിക്ക് അധികാരമില്ല.എനിക്ക് ഇഷ്ടമാണെങ്കിൽ ഞാൻ പാർട്ടിയും തുടരും. അതല്ല,ഇഷ്ടപ്പെട്ടില്ലെങ്കിൽ രാജിവെച്ച് കൃഷി തുടരും. സമയം വരുമ്പോൾ ഞാൻ സംസാരിക്കും.തലയിൽ തോക്ക് ചൂണ്ടി ഒരു വ്യക്തിയ പാർട്ടിയിൽ തുടരാൻ ആർക്കും കഴിയില്ല.പുതിയ പാർട്ടി രൂപീകരിക്കാനും ഉദ്ദേശിമില്ല' അദ്ദേഹം പറഞ്ഞു.
'ആരുടെയും പിന്തുണയില്ലാതെ ഒരു കർഷക കുടുംബത്തിൽ നിന്നുള്ള ആദ്യ തലമുറയിലെ രാഷ്ട്രീയക്കാരനാണ് ഞാൻ .എനിക്കെങ്ങനെ പുതിയ പാർട്ടി ആരംഭിക്കാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസം എനിക്ക് ഇപ്പോഴും ഉണ്ട്.ചിലപ്പോൾ ഞാൻ എന്റെ മനസാക്ഷിക്ക് വിരുദ്ധമായി സംസാരിക്കുന്നു. ചിലകാര്യങ്ങൾ നമുക്ക് സഹിക്കാൻ കഴിയില്ല.എന്നിരുന്നാലും നമുക്ക് കാത്തിരുന്ന് കാണാം.നല്ലത് സംഭവിക്കും. നിരവധി എഐഎഡിഎംകെ നേതാക്കൾ തന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നുണ്ട്. അമിത്ഷാക്ക് നൽകിയ വാക്കിന്റെ പേരിലാണ് ഞാൻ മൗനം പാലിക്കുന്നത്.ക്ഷമക്ക് എ പരിധിയുണ്ട്.സമയം വരുമ്പോൾ ഞാനും സംസാരിക്കും.'അണ്ണാമലൈ വ്യക്തമാക്കി.