
ജമ്മു കശ്മീരിലെ കത്വയിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേർ മരിച്ചു
|രാജ്ബാഗിലെ ജോധ് ഘാട്ടി ഗ്രാമത്തിലും ജംഗ്ലോട്ടിലും രാത്രിയിൽ പെയ്ത കനത്ത മഴക്കിടയിലാണ് ദുരന്തമുണ്ടായത്
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഞായറാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും ഏഴ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ ജോധ് ഘാട്ടി ഗ്രാമത്തിലും ജംഗ്ലോട്ടിലും രാത്രിയിൽ പെയ്ത കനത്ത മഴക്കിടയിലാണ് ദുരന്തമുണ്ടായത്.
ജോധ് ഘാട്ടിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഇത് ഗ്രാമത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു സംഭവത്തിൽ, ജംഗ്ലോട്ട് പ്രദേശത്ത് മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു.
കത്വ ജില്ലാ വികസന കമ്മീഷണർ രാജേഷ് ശർമ്മയും മുതിർന്ന സിവിൽ, പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സ്ഥലത്തെത്തി. ജോധ് ഘാട്ടിയിൽ നിന്ന് അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) പ്രാദേശിക സന്നദ്ധപ്രവർത്തകരും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്.