< Back
India
Another Karnataka Govt staff suspended for attending RSS event
India

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ സർക്കാർ ജീവനക്കാരന് സസ്പെൻഷൻ

Web Desk
|
22 Oct 2025 4:04 PM IST

20 സർക്കാർ ജീവനക്കാർ ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തെന്നാണ് ഉദ്യോ​ഗസ്ഥരുടെ കണക്ക്.

ബം​ഗളൂരു: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് കർണാടകയിൽ സർക്കാർ ജീവനക്കാരന് സസ്പെൻഷൻ. പ്രീ- മട്രിക് ബോയ്സ് ഹോസ്റ്റലിലെ കുക്ക് അസിസ്റ്റന്റ് പ്രമോദിനാണ് സസ്പെൻഷൻ. ബസവകല്യാണിൽ സംഘടിപ്പിച്ച ആർഎസ്എസ് പഥസഞ്ചലനത്തിലാണ് പ്രമോദ് യൂണിഫോമിട്ട് പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

സർക്കാർ ജീവനക്കാർ സ്വകാര്യ സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കുന്നത് കർണാടകയിലെ സർവീസ് റൂളിന്റെ ലംഘനമാണ്. ഇത് മറികടന്നാണ് ഇയാൾ പഥസഞ്ചലനത്തിൽ പങ്കാളിയായത്. ബസവകല്യാൺ തഹസിൽദാർ ആണ് കരാർ അധിഷ്ഠിത സ്റ്റാഫ് അംഗമായ പ്രമോദിനെ സസ്പെൻഡ് ചെയ്തത്.

പ്രമോദിനെ കൂടാതെ നിരവധി അധ്യാപകരും ഉദ്യോ​ഗസ്ഥരും ഇതേ പരിപാടിയിൽ പങ്കെടുത്തിരുന്നു. അല​ഗൂഡിലെ ഹെഡ്മാസ്റ്ററായ രജോൾ, കിട്ട സ്കൂളിലെ ഹെഡ്മാസ്റ്റർമാരായ സോമനാഥ് ബെലൂർ എന്നിവരാണ് പങ്കെടുത്തത്. നീലാംബിക കോളജ് പ്രിൻസിപ്പൽ അശോക് റെഡ്ഡിയും ഇതേ പരിപാടിയിൽ പങ്കെടുത്ത ചിത്രവും പുറത്തുവന്നിട്ടുണ്ട്. സർക്കാർ നടപടി പ്രമോദിൽ‍ മാത്രം ഒതുങ്ങില്ലെന്നും മറ്റുള്ളവർക്കെതിരെയും ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ.

20 സർക്കാർ ജീവനക്കാർ ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തെന്നാണ് ഉദ്യോ​ഗസ്ഥരുടെ കണക്ക്. റായ്ച്ചൂർ ജില്ലയിലെ പഞ്ചായത്ത് വികസന ഓഫീസറായ പ്രവീൺ കുമാറിനെ ദിവസങ്ങൾക്ക് മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ ആർഎസ്എസ് യൂണീഫോമണിഞ്ഞ് വടി പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് 2021ലെ കർണാടക സിവിൽ സർവീസസ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

പ്രവീൺ കുമാറിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആർ‌എസ്‌എസ് പരിപാടികളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്ത് അയച്ചതിനെ തുടർന്നാണ് അച്ചടക്ക നടപടികൾ. അതേസമയം, സർക്കാർ ജീവനക്കാർക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നാണ് ബിജെപി വാദം.

കർണാടകയിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കുന്നത് പരിഗണനയിലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്നും മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടിരുന്നു. തനിക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ വരുന്നതായും പ്രിയങ്ക് ഖാർഗെയും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളുടെയും പൊതു മൈതാനങ്ങളുടെയും സംസ്ഥാന സർക്കാരിന്‍റെ മറ്റ് ഭൂമികളുടേയും പരിസരത്ത് ആർ‌എസ്‌എസ് ശാഖാ യോഗങ്ങൾ നടത്തരുതെന്നും സിദ്ധരാമയ്യ നിര്‍ദേശിച്ചിരുന്നു. വിവിധയിടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ സ്ഥാപിച്ചിരുന്ന ആർഎസ്എസ് പതാകകൾ, പോസ്റ്ററുകൾ, ഭഗവദ് ധ്വജങ്ങൾ തുടങ്ങിയവ നഗരസഭാ അധികാരികളും പൊലീസും ചേർന്ന് നീക്കം ചെയ്തിരുന്നു. ചിറ്റാപൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിലാണ് കൊടികളടക്കം‌ നീക്കിയത്. പ്രിയങ്ക് ഖാർ​ഗെയുടെ മണ്ഡലമാണിത്.

Similar Posts