< Back
India
Another RG Kar will happen here; Woman doctor threatened in Kolkata
India

'മറ്റൊരു ആർ.‍ജി കർ ഇവിടെ സംഭവിക്കും'; കൊൽക്കത്തയിൽ വനിതാ ഡോക്ടർക്കുനേരെ ഭീഷണി

Web Desk
|
12 Sept 2024 5:35 PM IST

യുവഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം

കൊൽക്കത്ത: കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർക്കുനേരെ ഭീഷണിയുമായി രോ​ഗിയുടെ ബന്ധു. ‌ചികിത്സ വൈകുന്നുവെന്നാരോപിച്ചാണ് രോ​ഗിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റമുണ്ടായത്. കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിലെ യുവഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ഈ സംഭവം.

ആശുപത്രിയിലെ ഡോക്ടർമാർ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതോടെ ദീപക് സിങ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ അക്രമാസക്തനാകുകയും ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ഭാരതീയ ന്യായ സം​​ഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

ഇ.എം ബൈപാസിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഐസിയു വാർഡിലുള്ള രോ​ഗിയുടെ സുഹൃത്തുക്കളും ബന്ധുക്കളും വനിതാ ഡോക്ടറെ കണ്ടു, ചികിത്സയിൽ അതൃപ്തിയുണ്ടെന്ന് അറിയിച്ചു. തുടർന്ന് ഇവർ തമ്മിൽ തർക്കം ആരംഭിക്കുകയും ആർ ജി കർ പോലെയുള്ള സംഭവം ഞങ്ങൾ ഇവിടെ ഉണ്ടാക്കുമെന്നും സിങ് ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്.

തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. 58 വയസ്സുള്ള സ്ത്രീയെ സെപ്തംബർ 9-നാണ് ശ്വാസതടസ്സമടക്കമുള്ള അസുഖങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ ഇപ്പോൾ ​ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു. ആശുപത്രി ജീവനക്കാർ സംയമനം പാലിച്ചിട്ടും രോഗിയുടെ മകനും സുഹൃത്തുക്കളും മോശമായി പെരുമാറുകയും ആശുപത്രി ജീവനക്കാരെ ഉപദ്രവിക്കുകയും ചെയ്തതായി പ്രസ്താവന കൂട്ടിച്ചേർത്തു. വനിതാ ഡോക്ടറുടെ കൊലപാതകതം നടന്ന് പിറ്റേ ദിവസം, സമാന രീതിയിൽ ഡോക്ടറോട് സംസാരിച്ച മറ്റൊരു വ്യക്തിയെ അറസ്റ്റു ചെയ്തിരുന്നു.

Similar Posts