
ഒപിഎസ് ക്യാമ്പിൽ വീണ്ടും വിള്ളൽ; മുൻ മന്ത്രി ആർ.വൈത്തിലിംഗം എംഎൽഎ സ്ഥാനം രാജിവെച്ച് ഡിഎംകെയിൽ ചേർന്നു
|'തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് തീരുമാനമെടുക്കാൻ വൈകിയതാണ് താൻ പാർട്ടി വിടാൻ കാരണമെന്ന് വൈത്തിലിംഗം'
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേ ഒ. പനിനീർ സെൽവം ക്യാമ്പിന് കനത്ത തിരച്ചടി. മുൻ മന്ത്രിയും എംഎൽഎയ ആർ.വൈത്തിലിംഗം ഡിഎംകെയിൽ ചേർന്നു. പാർട്ടി വിടുന്നതിന് മുമ്പായി എംഎൽഎ സ്ഥാനവും വൈത്തിലിംഗം രാജിവെച്ചു. തഞ്ചാവൂരിലെ ഒരത്തനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന വൈത്തിലിംഗം ഡിഎംകെ ഓഫീസിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. വൈത്തിലിംഗത്തെ മുഖ്യമന്ത്രി സ്റ്റാലിൻ സ്വാഗതം ചെയ്തു.
എഐഎഡിഎംകെയിലെ അധികാര തർക്കങ്ങളിലെല്ലാം പനീർസെൽവത്തിനൊപ്പം ഉറച്ചു നിന്ന നേതാവായിരുന്നു വൈത്തിലിംഗം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് പനീർസെൽവം തീരുമാനമെടുക്കാൻ വൈകിയതാണ് താൻ പാർട്ടി വിടാൻ കാരണമെന്ന് വൈത്തിലിംഗം ഡിഎംകെയിൽ ചേർന്നതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പനീർസെൽവം പക്ഷത്തെ മറ്റൊരു മുൻ എംഎൽഎയായ കുന്നം രാമചന്ദ്രനും വൈകാതെ ഡിഎംകെയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ഇതോടെ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ് പനീർ സെൽവം. മുതിർന്ന നേതാവായ വെള്ളമണ്ടി നടരാജൻ മാത്രമാണ് ഇപ്പോൾ ഒപിഎസിനൊപ്പമുള്ളത്.
ഒപിഎസ് പക്ഷത്തെ പ്രമുഖരായിരുന്ന മനോജ് പാണ്ഡ്യൻ, എ. സുബ്ബരത്തിനൻ, മരുത് അഴകുരാജ് എന്നിവരും ഡിഎംകെയിൽ ചേർന്നിരുന്നു. തഞ്ചാവൂരിൽ ഉടൻ നടക്കാനിരിക്കുന്ന സമ്മേളനത്തിൽ വെച്ച് എഐഎഡിഎംകെയിൽ നിന്നുള്ള കൂടുതൽ നേതാക്കൾ ഡിഎംകെയിലേക്ക് വരുമെന്നും വൈത്തിലിംഗം സൂചിപ്പിച്ചു. എടപ്പാടി പളനിസ്വാമിയുമായുള്ള നിയമപോരാട്ടങ്ങൾക്കൊടുവിൽ പാർട്ടിയിലെ സ്വാധീനം നഷ്ടപ്പെട്ട നിലയിലാണ്
പനീർസെൽവം. വിശ്വസ്തർ ഓരോരുത്തരായി ഭരണകക്ഷിയിലേക്ക് മാറുന്നതോടെ രാഷ്ട്രീയമായി പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശികമായി ഏറെ സ്വാധീനമുള്ള നേതാക്കളാണ് ഒപിഎസിനെ വിട്ട് ഡിഎംകെയിലേക്ക് കൂറുമാറിയിരിക്കുന്നത്. പുതിയ നേതാക്കളുടെ വരവ് നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രകടനത്തിന് സഹായകരമാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.