< Back
India
Supreme Court
India

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഇന്ന് സുപ്രിംകോടതിയില്‍

Web Desk
|
15 March 2024 6:32 AM IST

മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവരാണ് ഹരജിക്കാർ

ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം ചോദ്യംചെയ്തുള്ള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ .ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവരാണ് ഹരജിക്കാർ.

പുതിയതായി നിയമിതരായ തെരെഞ്ഞെടുപ്പ് കമീഷണർമാർ ചുമതലയേൽക്കുന്ന ദിവസം തന്നെയാണ് ഹരജിയും സുപ്രിംകോടതി പരിഗണിക്കുന്നത് . ഗ്യാനേഷ് കുമാർ , സുഖ്ബിന്ദർ സിങ് സന്ധു എന്നിവരെ രാഷ്‌ട്രപതി ഇന്നലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചത്. കമ്മീഷണര്‍മാരെ കണ്ടെത്താൻ നിയോഗിച്ച സമിതിയിലെ അംഗമായ അധീർ രഞ്ജൻ ചൗധരിയുടെ വിയോജനകുറിപ്പ് മിനിട്സിൽ എഴുതി ചേർത്തിരുന്നു. ടിഎൻ ശേഷന് ശേഷം ഒരു മുഖ്യ തെരെഞ്ഞെടുപ് കമ്മീഷണറും മുഴുവൻ കാലാവധിയും പൂർത്തിയാക്കിയിട്ടില്ല . ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത് .

കമ്മീഷണർ സ്ഥാനത്ത് നിന്നും അരുൺ ഗോയൽ രാജിവച്ചതും അനൂപ് പാണ്ഡെ വിരമിച്ചതുമാണ് പുതിയ 2 കമ്മീഷണറെ തെരഞ്ഞെടുക്കാൻ കാരണം. കമ്മീഷണറെ കണ്ടെത്താനുള്ള സമിതിയിൽ പ്രധാനമന്ത്രി , പ്രതിപക്ഷ നേതാവ് എന്നിവർക്കൊപ്പം ചീഫ് ജസ്റ്റിസിനെ കൂടി ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി നിർദേശിച്ചിരുന്നു ഈ ഉത്തരവ് മറികടക്കാനായി പാർലമെന്‍റില്‍ നിയമഭേദഗതി പാസാക്കി. ഈ നടപടിയും ഹരജിക്കാർ ചോദ്യം ചെയ്യുന്നുണ്ട്.

Similar Posts