
രാജസ്ഥാനിൽ പൊലീസിന്‍റെ ചവിട്ടേറ്റ് നവജാത ശിശു കൊല്ലപ്പെട്ട സംഭവം; 'ബിജെപിയുടെ മുസ്‍ലിം വിരുദ്ധ അജണ്ട', കുടുംബത്തെ സന്ദര്‍ശിച്ച് ബൃന്ദ കാരാട്ട്
|വാറണ്ടോ മുൻകൂര്‍ അറിയിപ്പോ ഇല്ലാതെയായിരുന്നു പൊലീസ് നടപടിയെന്നും ബൃന്ദ ചൂണ്ടിക്കാട്ടി
ആൽവാര്‍: രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിൽ പൊലീസിന്‍റെ ചവിട്ടേറ്റ് കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കുഞ്ഞിന്‍റെ മരണത്തിന് ഉത്തരവാദികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് നൗഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രഘുനാഥ്ഗഡ് ഗ്രാമത്തിലുള്ള കുടുംബത്തെ സന്ദര്‍ശിച്ചത്. മറ്റ് സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നു.
വാറണ്ടോ മുൻകൂര്‍ അറിയിപ്പോ ഇല്ലാതെയായിരുന്നു പൊലീസ് നടപടിയെന്നും ബൃന്ദ ചൂണ്ടിക്കാട്ടി. ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത ആളാണ് ദിവസവേതനക്കാരനായ ഇമ്രാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മുസ്‌ലിം വിരുദ്ധ അജണ്ട മൂലം ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കുടുംബങ്ങളുടെ നില കൂടുതൽ വഷളാകുന്നുവെന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. റെയ്ഡിൽ പങ്കെടുത്ത മുഴുവൻ പൊലീസുകാരെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും പൊലീസ് സ്‌റ്റേഷൻ ചുമതലയുള്ളവരെ സസ്‌പെൻഡ് ചെയ്യണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സിപിഎം ആവശ്യപ്പെട്ടു. നിയമപാലകരിൽ നിന്നുള്ള ഇത്തരം നിയമവിരുദ്ധവും ക്രൂരവുമായ നടപടികൾ തടയുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും കൂട്ടിച്ചേര്‍ത്തു.
തങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ ഒരു വനിതാ കോൺസ്റ്റബിൾ പോലുമില്ലാതെ പൊലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഞായറാഴ്ച രാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. പുലര്‍ച്ചെ നടന്ന റെയ്ഡിനിടെയാണ് അമ്മയ്ക്കരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞ് കൊല്ലപ്പെട്ടത്. ഇമ്രാൻ ഖാന്‍റെ മൂന്ന് മക്കളിലൊരാളായ അലിസ്ബയാണ് കൊല്ലപ്പെട്ടത്. പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. പൊലീസുകാരന്‍റെ കാലിനടിയിൽ പെട്ട കുഞ്ഞ് തല്‍ക്ഷണം മരിക്കുകയായിരുന്നു.
"ഞാൻ എന്‍റെ കുഞ്ഞു മകളുമായി കട്ടിലിൽ കിടന്നുറങ്ങുമ്പോൾ, പൊലീസുകാർ പെട്ടെന്ന് മുറിയിലേക്ക് കയറി വന്നു. എന്നെ മുറിയിൽ നിന്ന് പുറത്താക്കി. എന്‍റെ ഭർത്താവിനെയും അവർ പുറത്താക്കി. അവർ എന്‍റെ കുഞ്ഞുമകളുടെ തലയിൽ ചവിട്ടി കൊന്നു," കുഞ്ഞിന്‍റെ അമ്മ റസിദ ഖാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇത് കൊലപാതകമാണ്, തനിക്ക് നീതി വേണമെന്നും അവർ ആവശ്യപ്പെട്ടു. കുഞ്ഞിന്‍റെ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ലെന്നും കുടുബം ആരോപിച്ചിരുന്നു. ആൽവാർ എസ്പി (റൂറൽ) യുടെ വസതിയിൽ ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തിയതിനു ശേഷമാണ് പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.