< Back
India
അറസ്റ്റിന് പിന്നാലെ പാർഥ ചാറ്റർജി മൂന്നു തവണ മമതാ ബാനർജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്
India

അറസ്റ്റിന് പിന്നാലെ പാർഥ ചാറ്റർജി മൂന്നു തവണ മമതാ ബാനർജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്

Web Desk
|
25 July 2022 12:11 PM IST

അറസ്റ്റിലായ വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചപ്പോഴാണ് പാർഥ ചാറ്റർജി മമതയെ വിളിച്ചത്. പുലർച്ചെ 1.55നാണ് ചാറ്റർജി അറസ്റ്റിലായത്. 2.33 ഓടെയായിരുന്നു ആദ്യം അദ്ദേഹം മുഖ്യമന്ത്രിയെ വിളിച്ചത്.

ന്യൂഡൽഹി: ഇ.ഡി അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ മന്ത്രി പാർഥ ചാറ്റർജി മൂന്നു തവണ മുഖ്യമന്ത്രി മമതാ ബാനർജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. മൂന്നു തവണയും മമത ഫോൺ അറ്റൻഡ് ചെയ്തില്ലെന്നും പാർഥ ചാറ്റർജിയുടെ 'അറസ്റ്റ് മെമ്മോ' ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അറസ്റ്റിലായ വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചപ്പോഴാണ് പാർഥ ചാറ്റർജി മമതയെ വിളിച്ചത്. പുലർച്ചെ 1.55നാണ് ചാറ്റർജി അറസ്റ്റിലായത്. 2.33 ഓടെയായിരുന്നു ആദ്യം അദ്ദേഹം മുഖ്യമന്ത്രിയെ വിളിച്ചത്. പിന്നീട് 3.37നും 9.35നും വിളിച്ചെങ്കിലും മമത ഫോൺ അറ്റൻഡ് ചെയ്തില്ല. അറസ്റ്റിലായ പ്രതികൾക്ക് വിവരം ബന്ധുക്കളെയോ സുഹൃത്തിനെയോ അറിയിക്കാൻ അവസരം നൽകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം അറസ്റ്റ് മെമ്മോയിൽ പറയുന്ന കാര്യങ്ങൾ പൂർണമായും തെറ്റാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഫിർഹാദ് ഹക്കീം പറഞ്ഞു. പാർഥ ചാറ്റർജിയുടെ ഫോൺ ഇ.ഡിയുടെ കസ്റ്റഡിയിലാണെന്നിരിക്കെ മമത ബാനർജിയെ വിളിച്ചത് സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുൻ വിദ്യാഭ്യാസ മന്ത്രിയായ പാർഥ ചാറ്റർജി സ്‌കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റിലായത്. പാർഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വീട്ടിൽനിന്ന് 20 കോടി രൂപ ഇ.ഡി റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Similar Posts