< Back
India
Arvind Kejriwal,arrest,Saurabh Bhardwaj,
India

കോൺഗ്രസ് - ആപ് സഖ്യത്തെ ഭയന്ന ബി.ജെ.പി കെജ്രിവാളിനെ അറസ്റ്റ് ​ചെയ്യിക്കാനൊരുങ്ങുന്നുവെന്ന് സൗരഭ് ഭരദ്വാജ്

Web Desk
|
23 Feb 2024 1:58 PM IST

നിങ്ങൾക്ക് വേണമെങ്കിൽ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാം എന്നാൽ എഎപിയും കോൺഗ്രസും തമ്മിലുള്ള സഖ്യം മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: കോൺഗ്രസ് - ആപ് സഖ്യം കൂടുതൽ കരുത്താർജ്ജിച്ചതോടെ ഭയന്ന ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തി ദിവസങ്ങൾക്കുള്ളിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ​ചെയ്യാനൊരുങ്ങുകയാണെന്ന് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ്. ഡൽഹിയിലെ ലോക്സഭ സീറ്റുകളിൽ മത്സരിക്കുന്നതിൽ കോൺഗ്രസും ആം ആദ്മിയും തമ്മിൽ ധാരണയായതോടെ ബിജെപി പരാജയ ഭീതിയിലാണ്. അവർ അധികാരം ഉപയോഗിച്ച് എന്തും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

‘ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി എഎപിയും കോൺഗ്രസും തമ്മിലുള്ള യോഗം നടന്നതിന് പിന്നാലെ ഇരു പാർട്ടികളും തമ്മിൽ സഖ്യമായെന്നും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചതായും വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.വലതുപക്ഷമാധ്യമങ്ങളും ബിജെപിയും ഇത് പ്രതീക്ഷിച്ചിരുന്നില്ല. എഎപിയും കോൺഗ്രസും തമ്മിൽ ഒരിക്കലും സഖ്യമുണ്ടാകില്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. അതിനിടയിലാണ് രണ്ട് പാർട്ടികളും സീറ്റുകളിൽ ധാരണയായത്. ഇതുറപ്പായതിന് പിന്നാലെ കെജ്രിവാളിന് ഇഡിയിൽ നിന്ന് സമൻസ് ലഭിക്കുമെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. കൂടാതെ,സിബിഐയും കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള വഴികൾ അന്വേഷിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ ഒരു നോട്ടീസ് അരവിന്ദ് കെജ്‌രിവാളിന് നൽകാൻ നിങ്ങൾ തയ്യാറാക്കുകയാണെന്ന് ഞങ്ങൾക്കറിയാം. ഇന്ന് അത് അദ്ദേഹത്തിന് കൈമാറും, വരുന്ന 2-3 ദിവസത്തിനുള്ളിൽ അറസ്റ്റും ചെയ്യും, എല്ലാം ഞങ്ങൾക്ക് അറിയാം. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരുമിക്കുന്ന സംസ്ഥാനങ്ങളിൽ വിജയിക്കുക പ്രയാസകരമാണെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു. നിങ്ങൾക്ക് വേണമെങ്കിൽ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാം എന്നാൽ എഎപിയും കോൺഗ്രസും തമ്മിലുള്ള സഖ്യം മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന എഎപി നേതാവായ അതിഷിയും ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.‘നിങ്ങളുടെ ഇഷ്ടം പോലെ നോട്ടീസ് അയക്കൂ, എത്ര സമൻസുകൾ വേണമെങ്കിലും അയക്കൂ, ആം ആദ്മി പാർട്ടിയുടെ എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്യൂ, ഞങ്ങളെ തൂക്കിക്കൊല്ലൂ’എന്നാലും നിങ്ങളു​ടെ ഭീഷണികൾ ഞങ്ങൾ പേടിക്കില്ല. ഈ രാജ്യത്തിൻ്റെ റിപ്പബ്ലിക്കിനും ഭരണഘടനയ്ക്കും വേണ്ടി ഞങ്ങൾ പോരാടുകയാണ് അത് തുടരുമെന്നും അവർ പറഞ്ഞു.

Similar Posts