
'ചിലർക്ക് പൂക്കൾ, മറ്റുള്ളവർക്ക് ശിക്ഷ'; റോഡിൽ നിസ്‌കരിച്ചാൽ പാസ്‌പോർട്ട് റദ്ദാക്കുമെന്ന മുന്നറിയിപ്പിനെതിരെ ഉവൈസി
|പെരുന്നാളിന് റോഡിൽ നിസ്കരിച്ചാൽ പാസ്പോർട്ടും ഡ്രൈവിങ് ലൈസൻസും റദ്ദാക്കുമെന്നാണ് മീറഠ് പൊലീസിന്റെ മുന്നറിയിപ്പ്.
ഹൈദരാബാദ്: ഈദുൽ ഫിത്വറിന് റോഡിൽ നിസ്‌കരിച്ചാൽ പാസ്‌പോർട്ട് റദ്ദാക്കുമെന്ന ഉത്തർപ്രദേശ് പൊലീസിന്റെ മുന്നറിയിപ്പിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. കൻവർ യാത്രക്ക് പോവുന്ന തീർഥാടകർക്കുമേൽ പൊലീസ് പൂക്കൾ വർഷിച്ചത് മീറഠിൽ തന്നെയായിരുന്നു. അവിടെ മറ്റൊരു മതവിഭാഗത്തിന്റെ പ്രാർഥനക്ക് വിലക്കേർപ്പെടുത്തുന്നത് വിവേചനമാണെന്നും ഉവൈസി പറഞ്ഞു.
मेरठ में सड़क पर नमाज पढ़ने पर पासपोर्ट रद्द करने की धमकी देने पर बैरिस्टर @asadowaisi ने कहा "एक तरफ सड़क पर चलने वालों पर Helicopter से फूल बरसाया जा रहा और दूसरी तरफ नमाज़ पढ़ने पर पासपोर्ट-लाइसेंस रद्द करने की धमकी दी जा रही है।#AIMIM #AsaduddinOwaisi #MeerutPolice… pic.twitter.com/HSl6dob9TU
— AIMIM (@aimim_national) March 28, 2025
ശ്രാവണ മാസത്തിൽ ശിവഭക്തർ ഗംഗയിൽ നിന്ന് ജലം ശേഖരിച്ച് പ്രാദേശിക ശിവക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതാണ് കൻവർ യാത്ര. കൻവരിയാസ് എന്നാണ് ഈ യാത്രയിൽ പങ്കെടുക്കുന്നവർ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം മീറഠ്, മുസഫർ നഗർ, സഹാറൻപൂർ, ബാഗ്പത് തുടങ്ങിയ സ്ഥലങ്ങളിൽ കൻവർ യാത്രികർക്കുമേൽ പൊലീസ് ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഉവൈസിയുടെ വിമർശനം.
റമദാനിലെ അവസാന വെള്ളിയാഴ്ചക്ക് മുന്നോടിയായാണ് മീറഠ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ജുമുഅ നിസ്‌കാരമോ ഈദ് നിസ്‌കാരമോ റോഡിൽ നിസ്കരിച്ചാൽ പാസ്പോർട്ടും ഡ്രൈവിങ് ലൈസൻസും റദ്ദാക്കുമെന്നായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. പള്ളികളിലോ ഈദ് ഗാഹുകളിലോ മാത്രമേ പെരുന്നാൾ നിസ്‌കാരം നിർവഹിക്കാൻ പാടുള്ളൂ എന്ന് മീറഠ് എസ്പി ആയുഷ് വിക്രം സിങ് പറഞ്ഞിരുന്നു.
റോഡിൽ നിസ്‌കരിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പാസ്‌പോർട്ടും ഡ്രൈവിങ് ലൈസൻസും റദ്ദാക്കുമെന്നും കേന്ദ്ര മന്ത്രിയും ആർഎൽഡി നേതാവുമായ ജയന്ത് ചൗധരിയും പറഞ്ഞിരുന്നു. പാസ്‌പോർട്ട് റദ്ദാക്കിയാൽ പുതിയ ലഭിക്കണമെങ്കിൽ പൊലീസിന്റെ എൻഒസി ലഭിക്കണം. കേസിൽ കോടതി വിധി പറയുന്നത് വരെ ഇത് ലഭിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.