< Back
India
വോട്ട് കൊള്ള തടയാൻ അസം കോൺഗ്രസ്: ബൂത്ത് ഏജന്റുമാർക്ക് പരിശീലനം നല്‍കും
India

വോട്ട് കൊള്ള തടയാൻ അസം കോൺഗ്രസ്: ബൂത്ത് ഏജന്റുമാർക്ക് പരിശീലനം നല്‍കും

Web Desk
|
14 Aug 2025 2:33 PM IST

29000ത്തോളം വരുന്ന പോളിങ് ബൂത്തുകളിലെ ഏജന്റുമാര്‍ക്കാണ് കോണ്‍ഗ്രസ് പരിശീലനം നല്‍കുന്നത്

പറ്റ്ന: വോട്ട് കൊള്ള തടയാന്‍ അസം കോണ്‍ഗ്രസ്. വോട്ടര്‍പട്ടികയിലെ കൃത്രിമം തടയുന്നതിനായി 29000ത്തോളം പോളിങ് ബൂത്തുകളിലെ ഏജന്റുമാര്‍ക്ക് പരിശീലനം നല്‍കും. സംസ്ഥാന പ്രസിഡന്റും എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ വോട്ട് കൊള്ളയ്‌ക്കെതിരേയുള്ള കാമ്പയിന്റെ ഭാഗമായാണ് പരിശീലനമെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഈമാസം 24 മുതല്‍ 30 വരെ നടക്കുന്ന രണ്ടാംഘട്ടത്തിലെ, ഒരാഴ്ചനീളുന്ന പരിശീലനം 35 ജില്ലകളിലായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിലും കര്‍ണാടകയിലും നടന്ന വോട്ട് കൊള്ളക്കെതിരായ രാഹുല്‍ഗാന്ധിയുടെ ഇടപെടലുകളും പരിശീലനത്തില്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം, അസമിലും വോട്ടര്‍പട്ടികയിലെ തീവ്ര പരിശോധനയ്ക്കുള്ള (എസ്‌ഐആർ) യ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലനം ഒരാഴ്ചയ്ക്കുള്ളിൽ നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വോട്ടുകൊളളയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്ന് ഡിസിസി ഓഫീസുകളില്‍ പന്തം കൊളുത്തി പ്രകടനം നടത്താനാണ് തീരുമാനം. ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പിസിസികളുടെ നേതൃത്വത്തില്‍ റാലികൾ സംഘടിപ്പിക്കും. വോട്ടുകൊള്ള രാജ്യത്ത് വ്യാപക ചര്‍ച്ചയാക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ, 'വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക' എന്ന പ്രചാരണവുമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

Similar Posts