
'തെളിവുകളെല്ലാം ലഭിച്ചു, പ്രതികൾ കുടുങ്ങും'; സുബീൻ ഗാർഗിന്റെ മരണത്തിൽ അന്വേഷണം പൂര്‍ത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം
|സെപ്തംബർ 19ന് സിംഗപ്പൂരിൽ കടലിൽ നീന്തുന്നതിനിടെയാണ് ഗാർഗ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്
ഗുവാഹത്തി: പ്രശസ്ത ബോളിവുഡ് നായകന്‍ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി അസമിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി). അടുത്ത ആഴ്ചയോടെ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
"ആവശ്യമായ എല്ലാ രേഖകളും തെളിവുകളും സിംഗപ്പൂരിൽ നിന്ന് എത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മേധാവിയും അസം പോലീസ് സ്‌പെഷ്യൽ ഡിജിപിയുമായ എംപി ഗുപ്ത വ്യക്തമാക്കി.
വാക്കാലുള്ളതും ഇലക്ട്രോണിക്, ഡോക്യുമെന്റ് അടിസ്ഥാനമാക്കിയുള്ളതുമായ തെളിവുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് കുറ്റപത്രം തയ്യാറാക്കുന്നത്. സിംഗപ്പൂരിലെ സുപ്രധാന സാക്ഷികൾ സ്വമേധയാ അന്വേഷണവുമായി സഹകരിച്ചെന്നും, എല്ലാ നിയമപരമായ വ്യവസ്ഥകളും പാലിച്ചാണ് അന്വേഷണം പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുബീന്‍ ഗാര്‍ഗിന്റെ മരണവും അന്വേഷണവുമെല്ലാം വൈകാരികമയാണ് അസം ജനത കാണുന്നത്.
സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ കടലിൽ നീന്തുന്നതിനിടെയാണ് ഗാർഗ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം. ഈ കേസുമായി ബന്ധപ്പെട്ട് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ(NEIF)ചീഫ് ഓർഗനൈസർ ശ്യാംകനു മഹന്ത, ഗായകൻ്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മ, ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ, സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഗാർഗിന്റെ ബന്ധുവും അസം പൊലീസ് ഡിഎസ്പിയുമായ സന്ദീപൻ ഗാർഗിനെയും ഗാർഗിന്റെ പിഎസ്‌ഒമാരായ നന്ദേശ്വർ ബോറ, പ്രബിൻ ബൈഷ്യ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് 1.1 കോടിയിലധികം രൂപയുടെ വൻ സാമ്പത്തിക ഇടപാടുകൾ പോലീസ് കണ്ടെത്തിയിരുന്നു.