< Back
India
കുടിയേറ്റക്കാരൻ എന്നാരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ അസം അധ്യാപകൻ നാട്ടിലേക്ക് മടങ്ങി
India

'കുടിയേറ്റക്കാരൻ' എന്നാരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ അസം അധ്യാപകൻ നാട്ടിലേക്ക് മടങ്ങി

Web Desk
|
8 Jun 2025 5:31 PM IST

രണ്ട് ദിവസം മുമ്പ് ബംഗ്ലാദേശി പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ച് ബോർഡർ ഗാർഡ് ബംഗ്ലാദേശ് ഖൈറുൽ ഇസല്മിനെയും ആറ് പേരെയും ഇന്ത്യക്ക് തിരികെ കൈമാറി

ഗുവാഹത്തി: അസമിലെ മോറിഗാവ് ജില്ലയിൽ നിന്നുള്ള മുൻ സ്കൂൾ ആധ്യാപകൻ ഖൈറുൽ ഇസല്മിനെയും 13 പേരെയും 'അനധികൃത കുടിയേറ്റക്കാർ' എന്നാരോപിച്ച് മെയ് 24ന് ബംഗ്ലാദേശിലേക്ക് നാടുകടത്തി. രണ്ട് ദിവസം മുമ്പ് ബംഗ്ലാദേശി പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ച് ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) ഖൈറുൽ ഇസല്മിനെയും ആറ് പേരെയും ഇന്ത്യക്ക് തിരികെ കൈമാറി. മധ്യവയസ്കനായ ഖൈറുൽ ഇസ്‌ലാമിനെ 2018ൽ വിദേശികളുടെ ട്രൈബ്യൂണൽ വിദേശിയായി പ്രഖ്യാപിച്ചു. അദ്ദേഹം ഇതിനെ ഗുവാഹത്തി ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ കോടതി ട്രൈബ്യൂണലിന്റെ വിധി ശരിവച്ചു. വിദേശികളെന്ന് സംശയിക്കപ്പെടുന്നവരുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അർദ്ധ-ജുഡീഷ്യൽ സ്ഥാപനങ്ങളാണ് വിദേശികളുടെ ട്രൈബ്യൂണലുകൾ.

ഹൈക്കോടതിയിൽ കേസ് തോറ്റതിനെത്തുടർന്ന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ സുപ്രിം കോടതി ഉത്തരവിട്ടപ്പോൾ 2020ൽ രണ്ട് വർഷത്തിന് ശേഷം ഖൈറുൽ ഇസ്‌ലാം ജാമ്യത്തിൽ പുറത്തിറങ്ങി. പുറത്തിറങ്ങിയ ശേഷം താൻ സുപ്രിം കോടതിയെ സമീപിച്ചിരുന്നുവെന്നും തന്റെ കേസ് ഇപ്പോഴും പരിഗണനയിലാണെന്നും ഖൈറുൽ ഇസ്‌ലാം പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സുപ്രിം കോടതിയിൽ ഇപ്പോഴും കേസ് പരിഗണനയിൽ ഇരിക്കെയാണ് ഖൈറുൽ ഇസ്‌ലാമിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്.

ബംഗ്ലാദേശിൽ രണ്ട് ദിവസം ചെലവഴിച്ചതായും അവിടെ ഒരു പ്രശ്‌നവും നേരിട്ടില്ലെന്നും ഖൈറുൽ ഇസ്‌ലാം പറഞ്ഞു. 'ബിജിബി ഞങ്ങൾ ഏഴ് പേരെ ഔദ്യോഗികമായി ബിഎസ്എഫിന് കൈമാറി. ബാക്കിയുള്ള ഏഴ് പേർ ബംഗ്ലാദേശിലാണോ ഇന്ത്യയിലാണോ എന്ന് എനിക്കറിയില്ല.' ഖൈറുൽ ഇസ്‌ലാം പറഞ്ഞു. കൈമാറ്റം ചെയ്യപ്പെട്ടതിനുശേഷം രണ്ട് ദിവസം മുമ്പ് വീട്ടിലേക്ക് മടങ്ങുന്നതുവരെ അദ്ദേഹം അസം പൊലീസിന്റെ സംരക്ഷണയിലായിരുന്നു. 'ഞാൻ വീട്ടിലെത്തിയപ്പോൾ എന്റെ കുടുംബാംഗങ്ങളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഇപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നുന്നു. ഞാൻ ഈദ് ആഘോഷിച്ചു. നാടുകടത്തലിന് ശേഷം വീട്ടിൽ ഈദ് ആഘോഷിക്കാൻ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു.' അദ്ദേഹം പറഞ്ഞു. അതേസമയം, വിദേശികളെ തിരിച്ചറിയുന്ന പ്രക്രിയ ഇനി വേഗത്തിലാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Similar Posts