
വ്യാജ ജാതി സർട്ടിഫിക്കറ്റ് നിർമ്മിച്ചുവെന്നാരോപിച്ച് യുഎസ്ടിഎം ചാൻസലർ മഹ്ബൂബുൽ ഹഖിനെ അറസ്റ്റ് ചെയ്തു
|ഹഖിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തുടര്‍ച്ചയായി ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചിരുന്നു
ഗുഹാവത്തി: വ്യാജ ജാതി സർട്ടിഫിക്കറ്റ് നിർമ്മിച്ചുവെന്നാരോപിച്ച് യുഎസ്ടിഎം ചാൻസലർ മഹ്ബൂബുൽ ഹഖിനെ അസം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ അസമിലെ ഗുഹാവത്തിയിലുള്ള മഹ്ബൂബുൽ ഹഖിന്റെ വീട്ടില്‍ എത്തിയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഹഖിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തുടര്‍ച്ചയായി ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. യുഎസ്ടിഎമ്മിനെതിരെ പ്രളയ ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഹിമന്ത ബിശ്വ ശര്‍മ ഉന്നയിച്ചിരുന്നു. ഗുഹാവത്തിയിലെ വെള്ളപ്പൊക്കത്തിന് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വ്യാജ ജാതി സർട്ടിഫിക്കറ്റ് നിർമ്മിച്ചതും ഹഖ് മേധാവിയായ ട്രസ്റ്റ് നടത്തുന്ന സിബിഎസ്ഇ സ്‌കൂളിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുമാണ് അറസ്റ്റെന്നാണ് പുറത്തുവരുന്ന വിവരം. യുഎസ്ടിഎം വ്യാജ ബിരുദങ്ങള്‍ വിതരണം ചെയ്യുകയാണെന്നും ഹഖ് വഞ്ചനാപരമായ നടപടിയിലൂടെ ഒബിസി സര്‍ട്ടിഫിക്കറ്റ് നേടിയെന്നും ശര്‍മ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ സര്‍വകലാശാല നിഷേധിച്ചു.