< Back
India
രാജ്യത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്നത് അഞ്ചിടങ്ങളിൽ; ഫലങ്ങൾ പുറത്ത്
India

രാജ്യത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്നത് അഞ്ചിടങ്ങളിൽ; ഫലങ്ങൾ പുറത്ത്

Web Desk
|
23 Jun 2025 2:15 PM IST

രണ്ടിടങ്ങളിൽ ആം ആദ്മി പാർട്ടി വിജയിച്ചു

ന്യൂഡൽഹി: രാജ്യത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്നത് അഞ്ചിടങ്ങളിലെ ഫലങ്ങൾ പുറത്ത്. നിലമ്പൂർ, ഗുജറാത്തിലെ കഡി, വിസാവദർ, പഞ്ചാബിൽ ലുധിയാന വെസ്റ്റ്, പശ്ചിമബം​ഗാളിലെ കാലിഗഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

​ഗുജറാത്തിലെ വിസവദർ മണ്ഡത്തിലും പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ആം ആദ്മി പാർട്ടി വിജയിച്ചു. പശ്ചിമബം​ഗാളിലെ കാലിഗഞ്ച് മണ്ഡലത്തിൽ ത്രിണമൂല്‍ കോണ്‍ഗ്രസും ​ഗുജറാത്തിലെ കാഡിയിൽ ബിജെപിയും വിജയിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ആണ് വിജയിച്ചത്.

വിസവദറിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്ന നടന്നത്. ബിജെപിയുടെ കിരിത് പട്ടേലിനെ പരാജയപ്പെടുത്തി ആം ആദ്മി പാർട്ടിയുടെ ഗോപാൽ ഇറ്റാലിയ ആണ് വിജയിച്ചത്. ആം ആദ്മി പാർട്ടിയിലെ ഭയാനി ഭൂപേന്ദ്രഭായ് ഗണ്ടുഭായ് രാജിവച്ചതിനെ തുടർന്നാണ് ഈ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

കഡി നിയമസഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി രാജേന്ദ്ര ചാവ്ഡ വിജയിച്ചു. കോൺഗ്രസിന്റെ രമേശ് ചാവ്ഡ ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ബിജെപിയിലെ കർസൻഭായ് സോളങ്കിയുടെ മരണത്തെത്തുടർന്നാണ് ഈ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

പഞ്ചാബിലെ ലുധിയാന വെസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ സഞ്ജീവ് അറോറ വിജയിച്ചു. ഐഎൻസിയുടെ ഭരത് ഭൂഷൺ ആഷുവിനെയും ബിജെപിയുടെ ജീവൻ ഗുപ്തയെയും പരാജയപ്പെടുത്തിയാണ് രാജ്യസഭാ എംപിയും വ്യവസായിയുമായ സഞ്ജീവ് അറോറ വിജയിച്ചത്.

പശ്ചിമബം​ഗാളിലെ കാലിഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി അലിഫ അഹമ്മദ് വിജയിച്ചു. ടിഎംസി എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11007 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് ജയിച്ചത്. മൂന്ന് റൗണ്ടിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് ലീഡ്ചെയ്യാൻ കഴിഞ്ഞത്.

Similar Posts