< Back
India
എല്ലാം മഞ്ഞ മയം: മന്നിന്‍റെ സത്യപ്രതിജ്ഞയ്ക്കൊരുങ്ങി ഭഗത് സിങിന്‍റെ ഗ്രാമം
India

'എല്ലാം മഞ്ഞ മയം': മന്നിന്‍റെ സത്യപ്രതിജ്ഞയ്ക്കൊരുങ്ങി ഭഗത് സിങിന്‍റെ ഗ്രാമം

Web Desk
|
16 March 2022 1:53 PM IST

ഭഗവന്ത് മന്നിന്‍റെ സത്യപ്രതിജ്ഞയ്ക്കായാണ് ഖത്കര്‍ കലാന്‍ ഗ്രാമം അണിഞ്ഞൊരുങ്ങിയത്

മഞ്ഞ നിറത്താല്‍ തിളങ്ങുകയാണ് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്‍റെ ഗ്രാമം. പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് മന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കവേയാണ് ഖത്കര്‍ കലാന്‍ ഗ്രാമം അണിഞ്ഞൊരുങ്ങിയത്.

തന്‍റെ സത്യപ്രതിജ്ഞയ്ക്ക് വരുമ്പോള്‍ മഞ്ഞ തലപ്പാവും ദുപ്പട്ടയും ധരിക്കാന്‍ ഭഗവന്ത് മന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സത്യപ്രതിജ്ഞ വേദിയും സദസ്സുമെല്ലാം മഞ്ഞയാല്‍ തിളങ്ങുകയാണ്. ഭഗത് സിങ് ധരിക്കാറുണ്ടായിരുന്ന ടര്‍ബന്‍റെ നിറം മഞ്ഞയായതുകൊണ്ടാണ് ആ നിറം തെരഞ്ഞെടുത്തത്.


'ബസന്തി രംഗിൽ' (മഞ്ഞ നിറം) ഞങ്ങൾ ഖത്തർ കലാനയ്ക്ക് നിറം നല്‍കും- എന്നാണ് സത്യപ്രതിജ്ഞയ്ക്ക് പഞ്ചാബിലെ ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഭഗവന്ത് മൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. 1970കൾക്ക് ശേഷം പഞ്ചാബിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകും 48കാരനായ മൻ.

സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പങ്കെടുക്കും. 'ഇളയ സഹോദരൻ' എന്നാണ് മന്നിനെ കെജ്‍രിവാള്‍ വിശേഷിപ്പിച്ചത്. പഞ്ചാബിലെ എഎപി കൊടുങ്കാറ്റില്‍ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു, മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവരുൾപ്പെടെ മുൻനിര നേതാക്കള്‍ പരാജയപ്പെട്ടിരുന്നു.


117 നിയമസഭാ സീറ്റുകളുള്ള പഞ്ചാബില്‍ 92 സീറ്റുകൾ നേടിയാണ് എഎപി അധികാരം പിടിച്ചത്. സംഗ്രൂർ ജില്ലയിലെ ധുരി നിയമസഭാ മണ്ഡലത്തിൽ 60,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് മൻ വിജയിച്ചത്. മൂന്ന് കോടി ജനങ്ങൾ തനിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് മൻ പറഞ്ഞു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പായി മൻ ലോക്‌സഭാ എംപി സ്ഥാനം രാജിവച്ചിരുന്നു.

"മാർച്ച് 16ന് ഭഗത്സിംഗിന്‍റെ ഖത്കർ കലാനിൽ ഭഗവന്ത് മൻ മാത്രമല്ല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. പഞ്ചാബിലെ മൂന്ന് കോടി ജനങ്ങളും മുഖ്യമന്ത്രിയാകും"- എന്നാണ് ഭഗവന്ത് മന്‍ പറഞ്ഞത്. എഎപി നേതാവ് രാഘവ് ഛദ്ദയാണ് മഞ്ഞ തലപ്പാവ് ധരിച്ച ഫോട്ടോ ആദ്യം പങ്കുവെച്ചത്. മൂന്ന് ലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെന്നാണ് എഎപി നേതൃത്വം അറിയിച്ചത്. പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു.


Similar Posts