< Back
India
ഡൽഹി മെട്രോസ്റ്റേഷനിലെ തീപിടുത്തം: അന്വേഷണം പ്രഖ്യാപിച്ച് അരവിന്ദ് കേജ്‍രിവാൾ
India

ഡൽഹി മെട്രോസ്റ്റേഷനിലെ തീപിടുത്തം: അന്വേഷണം പ്രഖ്യാപിച്ച് അരവിന്ദ് കേജ്‍രിവാൾ

Web Desk
|
14 May 2022 2:40 PM IST

ധനസഹായമായി 10 ലക്ഷം രൂപ നല്‍കും

ഡല്‍ഹി: മുണ്ട്കാ മെട്രോസ്റ്റേഷന് സമീപമുണ്ടായ തീപിടുത്തത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ മജിസ്റ്റീരിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രഖ്യാപിച്ചു.ധനസഹായമായി 10 ലക്ഷം രൂപ നല്‍കും. അപകടത്തില്‍ 29 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഇരുപതിലേറെ സ്വകാര്യ കമ്പനി ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് വൻ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്. പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ മുകൾ നിലകളിലേക്ക് ഓടിക്കയറിയവർ അവിടെയും തീ പടർന്നതോടെ അവശനിലയിലായി. പലരും കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി. 27 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന, സിസിടിവി ക്യാമറകളും വൈഫൈ റൂട്ടറുകളും നിർമിക്കുന്ന കമ്പനിയിൽ നിന്നാണു തീ പടർന്നതെന്നു കരുതുന്നു.

തീപിടുത്തം ഉണ്ടായ കമ്പനിക്ക് അഗ്നിശമനസേനാ എന്‍ഒസി ഇല്ലെന്നാണ് വിവരം. മാത്രമല്ല കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മിക്ക ഫാക്ടറികൾക്കും എൻ‌ഒ‌സി ഇല്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് പല ഫാക്ടറികളും പ്രവർത്തിക്കുന്നതെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇനിയും കണ്ടെത്താനുള്ളവർക്കു വേണ്ടിയുള്ള തിരച്ചിലും മറ്റു രക്ഷാപ്രവർത്തനങ്ങളും നടന്നുവരികയാണെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരിന്നു.

Similar Posts