< Back
India
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കേന്ദ്രസർക്കാർ പുറത്താക്കി; ആരോപണവുമായി അതിഷി മർലേന
India

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കേന്ദ്രസർക്കാർ പുറത്താക്കി; ആരോപണവുമായി അതിഷി മർലേന

Web Desk
|
7 Jan 2025 10:05 PM IST

ഡല്‍ഹി മുഖ്യമന്ത്രിയായ അതിഷി കള്ളം പറയുകയാണെന്ന് ബിജെപിയുടെ ഐടി മേധാവി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തലേദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്താക്കിയെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. മൂന്നുമാസത്തിനകം ഇത് രണ്ടാംതവണയാണ് ഇങ്ങനെ സംഭവിക്കുന്നതന്നും അതിഷി പറയുന്നു.

"ഡൽഹി തെരഞ്ഞെടുപ്പ് ഇന്നാണ് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ, മുഖ്യമന്ത്രി എന്ന നിലയിൽ എനിക്ക് അനുവദിച്ച ഔദ്യോഗിക വസതിയിൽ നിന്ന് എന്നെ പുറത്താക്കിയിരിക്കുന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. മുഖ്യമന്ത്രിക്ക് അനുവദിച്ച വസതി കത്ത് മുഖേനയാണ് അവര്‍ റദ്ദാക്കിയതെന്നും''- ഇങ്ങനെയായിരുന്നു അതിഷിയുടെ വാക്കുകള്‍

അതിഷിയെ പിന്തുണച്ച് മന്ത്രി സൗരഭ് ഭരദ്വാജ് രംഗത്തെത്തി. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപിക്ക് താത്പര്യമില്ലെന്നും എഎപി നേതാക്കളെ ദ്രോഹിക്കുക മാത്രമാണവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അതിഷിയുടെ ആരോപണം തള്ളി ബിജെപി രംഗത്ത് എത്തി. ഡല്‍ഹി മുഖ്യമന്ത്രിയായ അതിഷി കള്ളം പറയുകയാണെന്ന് ബിജെപിയുടെ ഐടി മേധാവിയായ അമിത് മാളവ്യ പറഞ്ഞു.

'2024 ഒക്ടോബര്‍ 11 മുതല്‍ ഔദ്യോഗിക വസതിയായ ഷീഷ്മഹല്‍ അതിഷിക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിനെ വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട് അതിഷി ഇപ്പോഴും വസതിയിൽ താമസം തുടങ്ങിയിട്ടില്ല. അതിനാല്‍ അനുമതി പിന്‍വലിക്കുകയും പകരം രണ്ട് ബംഗ്ലാവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.

Similar Posts